വാഷിംഗ്ടണ്‍: താരിഫ് നയങ്ങൾക്ക് കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ, രൂക്ഷമായ പ്രതികരണവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താരിഫുകളില്ലെങ്കിൽ രാജ്യം പൂർണമായും തകരുമെന്നും സൈനിക ശക്തി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫെഡറൽ അപ്പീൽ കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ മിക്ക താരിഫുകളും അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് വിധിച്ചിരുന്നു.
വിധി പുറപ്പെടുവിച്ച ‘തീവ്ര ഇടതുപക്ഷക്കാരായ ജഡ്ജിമാരുടെ’ കൂട്ടത്തെ വിമർശിച്ചുകൊണ്ട് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, ഒബാമ നിയമിച്ച ഒരു ഡെമോക്രാറ്റിക് ജഡ്ജി രാജ്യത്തെ രക്ഷിക്കാൻ ധീരമായി വോട്ട് ചെയ്തതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. “താരിഫുകളില്ലെങ്കിൽ, നമ്മൾ ഇതിനകം നേടിയ കോടിക്കണക്കിന് ഡോളറുകൾ ഇല്ലെങ്കിൽ, നമ്മുടെ രാജ്യം പൂർണ്ണമായും നശിക്കും. നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാകുമെന്ന് ട്രംപ് എഴുതി.
“7-നും 4-നും എതിരെ ഒരു കൂട്ടം തീവ്ര ഇടതുപക്ഷ ജഡ്ജിമാർക്ക് ഇത് പ്രശ്നമായിരുന്നില്ല. എന്നാൽ ഒബാമ നിയമിച്ച ഒരു ഡെമോക്രാറ്റ്, നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ ധൈര്യത്തിന് ഞാൻ നന്ദി പറയുന്നു! അദ്ദേഹം യുഎസ്എയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,” ട്രംപ് കൂട്ടിച്ചേർത്തു.