ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ശക്തമാകുന്നതിനിടെ ബ്രിട്ടൻ സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നു. തീവ്ര വലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരനായ ഇലോൺ മസ്ക് രംഗത്തെത്തിയത് വിവാദമായി. “അക്രമം നിന്നെ തേടിയെത്തി, തിരിച്ചു പോരാടുക, അല്ലെങ്കിൽ മരിക്കുക” എന്നാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ മസ്ക് പ്രതിഷേധക്കാരോട് പറഞ്ഞത്. സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ സംഘടിപ്പിച്ച യുണൈറ്റ് ദി കിംഗ്ഡം എന്ന പ്രതിഷേധ പരിപാടിയിൽ ലണ്ടനിൽ ഒന്നര ലക്ഷത്തോളം പേർ പങ്കെടുത്തതിനു പിന്നാലെ ശനിയാഴ്ച നഗരമധ്യത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെസ്റ്റ്മിൻസ്റ്റർ പാലത്തിനു സമീപം ഡൗണിങ് സ്ട്രീറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തിയപ്പോൾ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തിന് യൂറോപ്പിലെയും വടക്കൻ അമേരിക്കയിലെയും പ്രമുഖർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോ ലിങ്ക് വഴി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത മസ്ക്, ഇടതുപക്ഷം “കൊലപാതകത്തിന്റെ പാർട്ടി” എന്ന് വിശേഷിപ്പിച്ചു. കടുത്ത വലതുപക്ഷ വാദിയായ എറിക്ക് സെമ്മർ, ജർമനിയിലെ ആൾട്ടർനേറ്റീവ് ഫോർ ജർമനി പാർട്ടിയുടെ നേതാവ് പെട്ര് ബിസ്ട്രോൺ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. “വെള്ളക്കാരായ യൂറോപ്യന്മാർക്ക് പകരം മനഃപൂർവം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ കൊണ്ടുവരാനുള്ള ഗൂഢാലോചന” നടക്കുന്നുവെന്നാണ് സെമ്മർ ആരോപിക്കുന്നത്. കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നത് ബ്രിട്ടന്റെ സാമൂഹിക സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഈ സംഭവങ്ങളോട് വിമർശനവുമായി യുകെയിലെ സെൻട്രിസ്റ്റ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവേ രംഗത്തെത്തി. തീവ്ര വലതുപക്ഷ വാദികൾ ബ്രിട്ടന്റെ യഥാർഥ താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. മസ്കിന്റെ പ്രസ്താവനയും പ്രതിഷേധത്തിന്റെ സ്വഭാവവും രാജ്യത്തെ സാമൂഹിക ഐക്യത്തിന് ഭീഷണിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ബ്രിട്ടന്റെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷം കൂടുതൽ വഷളാകുമോ എന്ന ആശങ്കയും ശക്തമാകുന്നുണ്ട്.