ന്യൂയോര്‍ക്ക്: ഗാസയിലെ ഇസ്രായേലിന്‍റെ നടപടികളെ വിമർശിച്ചതിന്‍റെ പേരിൽ യുഎസ് തന്‍റെ വിസ റദ്ദാക്കിയ തീരുമാനത്തെ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ രൂക്ഷമായി വിമർശിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുക്കുകയും, യുഎസ് സൈനികരോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവുകൾ ധിക്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുഎസ് പെട്രോയുടെ വിസ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.
“യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യാനുള്ള വിസ എനിക്ക് ഇനി ആവശ്യമില്ല. അതിൽ എനിക്ക് വിഷമമില്ല. ഞാൻ ഒരു കൊളംബിയൻ പൗരൻ മാത്രമല്ല, ഒരു യൂറോപ്യൻ പൗരൻ കൂടിയാണ്. ഞാൻ എന്നെ ലോകത്തിലെ ഒരു സ്വതന്ത്ര വ്യക്തിയായി കണക്കാക്കുന്നു,” പെട്രോ സോഷ്യൽ മീഡിയയിൽ കുറിച്ചു. “വംശഹത്യയെ അപലപിച്ചതിന്റെ പേര് ചൂണ്ടിക്കാട്ടി വിസ റദ്ദാക്കുന്നത് യുഎസ് ഇനി അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു,” അദ്ദേഹം എക്സിൽ ഒരു പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഇസ്രായേൽ അവരുടെ ഗാസയിലെ നടപടികൾ വംശഹത്യയല്ല, മറിച്ച് സ്വയം പ്രതിരോധമാണെന്ന് ആവർത്തിച്ച് വാദിക്കുന്നു. മാൻഹട്ടനിലെ യുഎൻ ആസ്ഥാനത്തിന് പുറത്ത് പലസ്തീൻ അനുകൂല പ്രക്ഷോഭകരെ അഭിസംബോധന ചെയ്യവെ, പലസ്തീനികളെ മോചിപ്പിക്കാൻ മുൻഗണന നൽകുന്ന ഒരു ആഗോള സായുധ സേനയ്ക്ക് പെട്രോ ആഹ്വാനം ചെയ്തു. “ഈ സേന യുണൈറ്റഡ് സ്റ്റേറ്റ്സിന്റേതിനേക്കാൾ വലുതായിരിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.