‘വോട്ടർ അധികാർ യാത്ര’ക്ക് ഉജ്വല സമാപനം; ‘വരാൻ പോവുന്നത് ഹൈഡ്രജൻ ബോംബ്; മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ല’- രാഹുൽ ഗാന്ധി

‘വോട്ടർ അധികാർ യാത്ര’ക്ക് ഉജ്വല സമാപനം; ‘വരാൻ പോവുന്നത് ഹൈഡ്രജൻ ബോംബ്; മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ല’- രാഹുൽ ഗാന്ധി

പട്‌ന: കേന്ദ്രസർക്കാരിനെതിരെ വോട്ട് ചോർച്ച ആരോപണമുയർത്തി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 16 ദിവസത്തെ ‘വോട്ടർ അധികാർ യാത്ര’ക്ക് ഉജ്വല സമാപനം. യാത്രയുടെ സമാപന സമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ‘വോട്ടുചോർച്ച’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി. ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. ‘വോട്ടർ അധികാർ യാത്ര’ക്ക് ലഭിച്ച ജനപിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.

മുമ്പ് നടത്തിയ പത്രസമ്മേളനം ആറ്റംബോംബ് ആയിരുന്നെങ്കിൽ അതിലും വലിയ ഹൈഡ്രജൻ ബോംബ് തൻ്റെ കൈവശമുണ്ടെന്ന് രാഹുൽ പറഞ്ഞു. ‘ആറ്റംബോംബിനെക്കുറിച്ച് ബി.ജെ.പി. കേട്ടിട്ടുണ്ടോ? ഞാനത് പത്രസമ്മേളനത്തിൽ കാണിച്ചതാണ്. ഇപ്പോൾ അതിലും വലുതായ ഒന്നുണ്ട്, ഹൈഡ്രജൻ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആർ. അംബേദ്കറുടെയും മഹാത്മാഗാന്ധിയുടെയും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ബിഹാറിൽ ജനങ്ങൾക്കിടയിൽ ‘വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ’ (‘വോട്ട് ചോർ, ഗദ്ദി ഛോഡ്’) എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്. ചൈനയിലും യു.എസിലും പോലും ആളുകൾ ഇത് പറയുന്നു,’ രാഹുൽ പരിഹസിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകളോ ഡിജിറ്റൽ ഡാറ്റയോ നൽകുന്നില്ല. തങ്ങളുടെ ടീം നാലഞ്ച് മാസത്തോളം ദിവസവും 16-17 മണിക്കൂർ ജോലി ചെയ്ത് വിവിധ സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വോട്ട് മോഷണം എന്നത് കേവലം വോട്ടുകളുടെ മോഷണമല്ല, അത് അവകാശങ്ങളുടെയും ഭരണഘടനയുടെയും യുവജനങ്ങളുടെ ഭാവിയുടെയും മോഷണമാണ്. അവർ എല്ലാം അദാനി-അംബാനിക്ക് നൽകും. മഹാത്മാഗാന്ധിയെ വധിച്ച ശക്തികളാണ് ഇപ്പോൾ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ബിഹാറിലെ ഇരട്ട എഞ്ചിൻ സർക്കാരിൻ്റെ ഒരു എഞ്ചിൻ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നുണ്ട്. വളരെ തന്ത്രപരമായി നിരവധി കള്ളവോട്ടുകളും ചേർക്കുന്നുണ്ട്. ബിഹാറിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവർക്ക് തക്കതായ മറുപടി നൽകണമെന്നും തേജസ്വി പറഞ്ഞു. വോട്ടുമോഷണത്തിലൂടെ ബിഹാറിൽ വിജയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.

‘Voter Adhikar Yatra’ concludes with a grand finale

Share Email
LATEST
More Articles
Top