ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി. വോട്ടു ചെയ്യാനായി രാവിലെ തന്നെ എംപിമാർ എത്തിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും.
എന്‍ഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ വിവിധ ബാച്ചുകളായി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തിലാണ് വോട്ടെടുപ്പിന് എത്തിക്കുന്നത്.
എന്‍ഡിഎയെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റം ഇല്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വൈകുന്നേരം ആറിന് വോട്ടെണ്ണല്‍ തുടങ്ങും രാത്രി എട്ടോടെ ഫലം പ്രഖ്യാപിക്കും.
ലോക്‌സഭയിലെയും രാജ്യസഭയിലെയും എം.പിമാര്‍ക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടവകാശം. നിലവില്‍ ഒഴിവുള്ള ആറു സീറ്റുകള്‍ മാറ്റിയാല്‍ 781 വോട്ടുകളാണുള്ളത്. ജയിക്കാന്‍ 391 വോട്ടുകളാണ് വേണ്ടത്. നിലവിലെ കക്ഷിനില അനുസരിച്ച് എന്‍.ഡി.എക്ക് 423 പേരുടെ പിന്തുണയുണ്ട്.
11 സീറ്റുള്ള വൈ.എസ്.ആര്‍.പിയും പിന്തുണ പ്രഖ്യാപിച്ചതോടെ 434 വോട്ടുകള്‍ ഉറപ്പാണ്. ഇന്ത്യ സഖ്യത്തിനു തൃണമൂലും എ.എ.പിയും ഉള്‍പ്പെട 322 പേരുടെ പിന്തുണയെ ഉള്ളു. സ്വതന്ത്രരും ഇരു മുന്നണിയിലും പെടാത്തതുമായ 36 എം.പിമാര്‍ ആര്‍ക്കു വോട്ടുചെയ്യുമെന്ന് ഇപ്പോഴും വ്യക്തമല്ല.
ഉപരാഷ്ട്രപതി പദത്തില്‍ നിന്നും ജഗദീപ് ധന്‍കര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലാണഅ രാജയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്താന്‍ ധന്‍കര്‍ തയാറായിരുന്നില്ല.
Voting for new Vice President begins: Results expected by night