ഓസ്‌ലോ: നോർവേയിലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോയറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയും ഇടതുപക്ഷ സഖ്യവും 169 സീറ്റുകളിൽ 87 സീറ്റുകൾ നേടി മിന്നുന്ന വിജയം കൈവരിച്ചു. 99 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ‘ഞങ്ങൾ അത് നേടി’ എന്ന് പ്രഖ്യാപിച്ച് ജോനാസ് ഗഹർ ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, യൂറോപ്പിൽ വലതുപക്ഷ ശക്തികൾ ഉയർന്നുവരുമ്പോഴും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾക്ക് വിജയിക്കാനാകുമെന്ന് ഈ ഫലം തെളിയിച്ചതായി പറഞ്ഞു.
ലേബർ പാർട്ടി ആഭ്യന്തര കലഹങ്ങൾ, അഴിമതി ആരോപണങ്ങൾ, നികുതി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ഓഹരി ഇടപാടുകൾ, മന്ത്രിമാരുടെ രാജി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ വിജയം നേടിയത്. പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കുകളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും ജോനാസ് ഗഹറിന്റെ നേതൃത്വം പാർട്ടിയെ ശക്തമായി നയിച്ചു. അധികാരത്തിൽ തുടരാനുള്ള നേതൃത്വ അട്ടിമറി ശ്രമങ്ങളെയും പാർട്ടി അതിജീവിച്ചതാണ് ഈ വിജയത്തിന്റെ മറ്റൊരു പ്രത്യേകത.
കൺസർവേറ്റീവ് പാർട്ടിക്ക് 82 സീറ്റുകൾ മാത്രമാണ് ലഭിച്ചത്, ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ അവരുടെ ഏറ്റവും മോശം പ്രകടനമാണ്. 5.6 ദശലക്ഷം ജനസംഖ്യയുള്ള നോർവേയിൽ 4.3 ദശലക്ഷം പേർ വോട്ടവകാശമുള്ളവരാണ്. ജീവിതച്ചെലവ്, അസമത്വം, പൊതുസേവനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന ഈ സ്കാൻഡിനേവിയൻ രാജ്യം ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്.