പോർട്ട്‌ലാൻഡ്: ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ, അങ്ങനെ ലഭിച്ച ഭാഗ്യം അനുഭവിക്കാൻ കഴിയാതെ പോയാലോ? 1.3 ബില്യൺ ഡോളറിൻ്റെ (ഏകദേശം 11,000 കോടി രൂപ) പവർബോൾ ലോട്ടറി ജാക്ക്‌പോട്ട് നേടിയ ചെങ് ചാർലി സെയ്ഫാൻ്റെ ജീവിതം അത്തരത്തിലൊരു ദുരന്തകഥയാണ്. കോടീശ്വരനായി ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും അദ്ദേഹത്തിൻ്റെ ആയുസ് നാല് മാസം മാത്രമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. കഴിഞ്ഞ വർഷം അമേരിക്കയെ അമ്പരപ്പിച്ച പവർബോൾ നറുക്കെടുപ്പിൽ മൂന്ന് വിജയികളിൽ ഒരാളായിരുന്നു ചെങ് ചാർലി. നികുതി കഴിച്ച് 422 മില്യൺ ഡോളറാണ് (ഏകദേശം 3700 കോടി രൂപ) അദ്ദേഹത്തിന് ലഭിച്ചത്.
ഭാര്യയോടും സുഹൃത്തിനോടും ഒപ്പം ചേർന്നാണ് അദ്ദേഹം ആ ഭാഗ്യ ടിക്കറ്റ് എടുത്തത്. അന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, കുടുംബത്തെ സംരക്ഷിക്കുമെന്നും ക്യാൻസർ ചികിത്സിക്കാൻ മികച്ച ഡോക്ടറെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാവോസിൽ ജനിച്ച് അഭയാർത്ഥി ക്യാമ്പിൽ വളർന്ന ശേഷമാണ് 1994-ൽ അദ്ദേഹം അമേരിക്കയിലെത്തുന്നത്. പോർട്ട്‌ലാന്റിൽ സാധാരണ ജീവിതം നയിച്ചിരുന്ന ചെങ് ചാർലിക്ക് പക്ഷേ, ലോട്ടറി ഭാഗ്യം ലഭിക്കുമ്പോൾ ക്യാൻസർ രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗം ശരീരത്തിൽ കൂടുതൽ വ്യാപിച്ചു. മികച്ച ചികിത്സ തേടിയിട്ടും രോഗം ഭേദമായില്ല.
പണം ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിയാത്തതിൻ്റെ വേദനയിലാണ് അദ്ദേഹം. എങ്കിലും തൻ്റെ കുടുംബത്തിന് ഇനി സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വരില്ല എന്ന ആശ്വാസം അദ്ദേഹത്തിനുണ്ട്. “പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നില്ല, കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ ഭദ്രമാക്കിയിട്ടുണ്ട്,” ചെങ് ചാർലി പറഞ്ഞു. ഭാഗ്യത്തിൻ്റെ മധുരം അനുഭവിക്കാൻ കഴിയാതെ പോയ ഈ മനുഷ്യൻ്റെ കഥ അമേരിക്കൻ ജനതയെ കണ്ണീരണിയിക്കുകയാണ്.













