വാഷിങ്ടൻ: സമാധാന പദ്ധതി അംഗീകരിക്കുന്നതിന് ഹമാസിന് അന്ത്യശാസനം നൽകി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽനിന്ന് അധികാരം ഒഴിയണമെന്നും, ഇല്ലെങ്കിൽ ഉന്മൂലനം ചെയ്യുമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. യു.എസ്. സമയം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സമാധാന പദ്ധതി അംഗീകരിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.
രണ്ട് വർഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലിനെയും ഹമാസിനെയും സമാധാന കരാറിൽ ധാരണയിലെത്താൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രംപ്, യുദ്ധം ഉടനടി നിർത്തണമെന്നതിന് പുറമെ ഗാസയുടെ യുദ്ധാനന്തര ഭരണത്തിനുള്ള ഒരു ചട്ടക്കൂട് കൂടി വ്യക്തമാക്കുന്ന 20 നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള മാർഗരേഖയായാണ് വൈറ്റ് ഹൗസ് സമാധാന പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഗാസയിലെ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് ആദ്യ ഘട്ടം മാത്രമാണെന്നും, തുടർന്നുള്ള ക്രമീകരണങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Accept Peace Deal by Sunday or Else: Trump’s Final Warning to Hamas Leadership