ചിക്കാഗോ: ചിക്കാഗോയ്ക്ക് സമീപമുള്ള ഫെഡറൽ ഇമിഗ്രേഷൻ കേന്ദ്രത്തിലെ മനുഷ്യത്വരഹിതമായ സ്ഥിതിവിശേഷങ്ങൾ ചൂണ്ടിക്കാട്ടി ഇല്ലിനോയിസിലെ അഭിഭാഷകരും സാമൂഹ്യപ്രവർത്തകരും വെള്ളിയാഴ്ച ഫെഡറൽ അധികൃതർക്കെതിരെ കേസ് ഫയൽ ചെയ്തു. എസിഎൽയു ഓഫ് ഇല്ലിനോയിസ്, മക്കാർതർ ജസ്റ്റിസ് സെന്റർ എന്നിവയിലെ അഭിഭാഷകരാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർക്കെതിരെ കോടതിയെ സമീപിച്ചത്.
ബ്രോഡ്‌വ്യൂ ഫെസിലിറ്റിയിൽ തടവിലിട്ടവർക്ക് അഭിഭാഷകരുമായി സ്വകാര്യമായി സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു. തടവുകാർക്ക് അഭിഭാഷകരുമായി രഹസ്യ സംഭാഷണങ്ങൾ നടത്താൻ ഏജന്റുമാർ അനുവാദം നൽകാതിരിക്കുകയാണ്. കോൺഗ്രസ് അംഗങ്ങൾ, മതനേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരെ കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നുമുണ്ട്.
അധികാരികൾക്ക് ശിക്ഷാഭീതിയില്ലാതെ പ്രവർത്തിക്കാൻ വഴിയൊരുക്കുന്ന ഒരു “ബ്ലാക്ക് ബോക്സ്” (വിവരങ്ങൾ പുറത്തുവരാത്ത രഹസ്യ സംവിധാനം) സൃഷ്ടിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ വാദിക്കുന്നു. പ്രാഥമിക നടപടികൾ നടക്കുന്ന ഈ കേന്ദ്രത്തിൽ തടവിലാക്കപ്പെട്ടവരെ, അവർക്ക് മനസ്സിലാകാത്ത രേഖകളിൽ ഒപ്പിടാൻ ഏജന്‍റുമാർ നിർബന്ധിക്കുന്നുവെന്നും കേസിൽ ആരോപണമുണ്ട്. ഇതുമൂലം അവർ അറിയാതെ തന്നെ സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കുകയും നാടുകടത്തൽ നടപടികൾക്ക് വിധേയരാവുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ഐസിഇയുടെയോ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെയോ പ്രതിനിധികൾ ഇതുവരെ മറുപടി നൽകിയിട്ടില്ല.













