‘ഇനി സംഘർഷമുണ്ടായാൽ ശക്തമായ മറുപടി’, ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാക് സൈനിക മേധാവി

‘ഇനി സംഘർഷമുണ്ടായാൽ ശക്തമായ മറുപടി’, ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാക് സൈനിക മേധാവി

കറാച്ചി: അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ. ഖൈബർ പഖ്തൂൺഖ്വയിലെ പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ (പിഎംഎ) നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവെ, ഇന്ത്യയുമായി സംഘർഷമുണ്ടായാൽ ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു. ആണവായുധങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധത്തിന് ഇടമില്ലെന്ന് ഇന്ത്യൻ സൈനിക നേതൃത്വത്തിന് ഉപദേശവും താക്കീതും നൽകിയ അസിം മുനീർ, ഏതൊരു പ്രകോപനത്തിനും പാകിസ്ഥാൻ ഊഹിക്കാനാവാത്തവിധം പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

സംഘർഷം ഉണ്ടായാൽ ഇന്ത്യയ്ക്ക് സൈനികവും സാമ്പത്തികവുമായ വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് ജനറൽ മുനീർ വ്യക്തമാക്കി. “പ്രകോപനം സൃഷ്ടിക്കുന്നവരുടെ കണക്കുകൂട്ടലുകൾക്കപ്പുറം പാകിസ്ഥാൻ പ്രതികരിക്കും. അതിന്റെ ഫലമായുണ്ടാകുന്ന നഷ്ടങ്ങൾ ഇന്ത്യയുടെ ഭാവനയ്ക്കും അപ്പുറമായിരിക്കും, അതിന്റെ പൂർണ ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കും,” അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ഉലച്ചിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാന്റെ ഈ പ്രസ്താവന ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ വിള്ളലുണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തൽ.

അതിനിടെ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷവും രൂക്ഷമായി തുടരുകയാണ്. പാകിസ്ഥാനെതിരെ പോരാടുന്ന തീവ്രവാദികൾക്ക് താലിബാൻ പിന്തുണ നൽകുന്നുവെന്ന് പാക് സർക്കാർ ആരോപിക്കുന്നു, എന്നാൽ താലിബാൻ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇരുപക്ഷത്തും നാശനഷ്ടങ്ങളും സൈനികരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ദോഹയിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും, പരിഹാരം ഇനിയും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

Share Email
Top