ഗവൺമെന്‍റ് ഷട്ട്ഡൗണിനിടെയും അർജന്റീനയ്ക്ക് 20 ബില്യൺ ഡോളർ സഹായം; ‘ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതം’ എന്ന് ട്രഷറി സെക്രട്ടറി

ഗവൺമെന്‍റ് ഷട്ട്ഡൗണിനിടെയും അർജന്റീനയ്ക്ക് 20 ബില്യൺ ഡോളർ സഹായം; ‘ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതം’ എന്ന് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: ഫെഡറൽ ഗവൺമെന്‍റ് അടച്ചുപൂട്ടൽ നിലനിൽക്കെയും നികുതിദായകരുടെ പണം ഉപയോഗിച്ച് അർജന്‍റീനയ്ക്ക് 20 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം നൽകാനുള്ള നടപടി വകുപ്പിന് അത്യന്താപേക്ഷിതമായിരുന്നു എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ്. റിസോഴ്‌സുകൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിലും ട്രഷറി വകുപ്പ് എന്തുകൊണ്ടാണ് അർജന്‍റീനയുടെ സാമ്പത്തിക സഹായത്തിനായി പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായ സെനറ്റർ എലിസബത്ത് വാറൻ ഒരാഴ്ച മുമ്പ് ബെസ്സന്‍റിന് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

“ദേശീയ സുരക്ഷയും ആഗോള സാമ്പത്തിക സ്ഥിരതയും ഉൾപ്പെടെ, പ്രസിഡന്‍റിന്‍റെ ഭരണഘടനാപരമായ കടമകൾ നിർവ്വഹിക്കുന്നതിന് ആവശ്യമായ മിഷൻ-ക്രിട്ടിക്കൽ ശ്രമങ്ങൾക്ക് മുൻഗണന നൽകാൻ ഞങ്ങൾ നിർബന്ധിതരായി,” ബെസ്സന്‍റ്, വാറന് എഴുതിയ കത്തിൽ വ്യക്തമാക്കി.

ഈ മാസം ആദ്യം ബെസ്സന്‍റ് പ്രഖ്യാപിച്ച 20 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം കറൻസി സ്വാപ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് അർജന്റീനയുടെ സെൻട്രൽ ബാങ്കിന് ട്രഷറിയിൽ നിന്ന് പെസോയ്ക്ക് പകരം യുഎസ് ഡോളർ കൈമാറ്റം ചെയ്യാനുള്ള അവസരം നൽകുന്നു. കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നതിലൂടെ അർജന്റീനയുടെ സാമ്പത്തിക വിപണിയെ സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കും. എന്നാൽ ഫലത്തിൽ ഇത് യുഎസ് ഗവൺമെന്റ് നൽകുന്ന ഒരു വായ്പ തന്നെയാണ്.

Share Email
Top