ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു.
സംസ്ഥാന സർക്കാർ ഒടുവിൽ ഈ സുപ്രധാന വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ചതിനെ കേന്ദ്രം സ്വാഗതം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പദ്ധതിയിൽ ചേരാൻ കേരളം വിസമ്മതിച്ചിരുന്നു.
വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഏകദേശം 1500 കോടി രൂപയുടെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണ് കേരള സർക്കാർ നിലപാട് മാറ്റാൻ നിർബന്ധിതമായത്.
‘പി.എം. ശ്രീ’ പദ്ധതിയിൽ ചേരുന്നതിലൂടെ സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ഉറപ്പാക്കാൻ കഴിയുമെന്നും, എന്നാൽ സംസ്ഥാനത്തിൻ്റെ നിലവിലുള്ള വിദ്യാഭ്യാസ നയത്തിൽ (ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി) മാറ്റങ്ങൾ വരുത്തില്ലെന്നും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിൽ ഭരണകക്ഷിയായ സി.പി.ഐ.ക്ക് ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. വിഷയം ഇടതു മുന്നണിയിൽ ചർച്ച ചെയ്യുമെന്നും സി.പി.ഐ. അറിയിച്ചിരുന്നു. രാജ്യത്തെ സ്കൂളുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ കേരളം കൂടി ഭാഗമായതിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിക്കുകയും സഹകരണം ഉറപ്പ് നൽകുകയും ചെയ്തു.











