രാജ്യത്തിൻ്റെ ആണവ നയം സ്ഥിരവും വ്യക്തവുമാണെന്ന് ചൈന; ട്രംപിൻ്റെ പ്രഖ്യാപനത്തിൽ നിർണായക പ്രതികരണം

രാജ്യത്തിൻ്റെ ആണവ നയം സ്ഥിരവും വ്യക്തവുമാണെന്ന് ചൈന; ട്രംപിൻ്റെ പ്രഖ്യാപനത്തിൽ നിർണായക പ്രതികരണം

ബീജിംഗ്: യുഎസ് പ്രസിഡന്റ് ആണവായുധ പരീക്ഷണങ്ങൾ ഉടനെ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ, സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിലെ ബാധ്യതകൾ അമേരിക്ക ഗൗരവത്തോടെ പാലിക്കണമെന്ന് ചൈന. യുഎസ് അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ചൈന വ്യക്തമാക്കി. യുഎസ് ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ആണവ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനുള്ള പ്രതിബദ്ധത യുഎസ് നിലനിർത്തുമെന്നും, അന്താരാഷ്ട്ര ആണവ നിരായുധീകരണവും ആണവ വ്യാപന വിരുദ്ധ സംവിധാനവും സംരക്ഷിക്കുന്നതിനും ആഗോള തന്ത്രപരമായ സ്ഥിരതയും ഐക്യവും ഉറപ്പാക്കുന്നതിനും നടപടികൾ കൈക്കൊള്ളുമെന്നും ചൈന പ്രതീക്ഷിക്കുന്നതായി വക്താവ് വ്യക്തമാക്കി. ചൈനയുടെ ആണവ നയം സ്ഥിരവും വ്യക്തവുമാണെന്ന് ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ ഷാങ് സിയോഗാങ് പത്രസമ്മേളനത്തിൽ അറിയിച്ചു.

യുഎസ്, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തെ പ്രധാന ആണവ ശക്തികളിലൊന്നാണ് ചൈന. ഈ മൂന്നു രാജ്യങ്ങളിൽ ഏറ്റവും അവസാനമായി ആണവായുധം പരീക്ഷിച്ചത് ചൈനയാണ് (1996-ൽ). റഷ്യയുടെ അവസാന ആണവ പരീക്ഷണം 1990-ലും യുഎസിന്റേത് 1992-ലും നടന്നു. ചൈനയുടെ ഔദ്യോഗിക ആണവ നയപ്രകാരം, ആദ്യം ആക്രമിക്കപ്പെട്ടാൽ മാത്രമേ ആണവായുധങ്ങൾ ഉപയോഗിക്കൂ എന്നും, ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ തലത്തിൽ മാത്രം ആണവ സേനയെ നിലനിർത്തുമെന്നും വ്യക്തമാക്കുന്നു. ചൈനയും റഷ്യയും അഞ്ചു വർഷത്തിനുള്ളിൽ യുഎസിനൊപ്പമെത്തുമെന്ന വിലയിരുത്തലിനെ തുടർന്നാണ് 30 വർഷം നീണ്ട മൊറട്ടോറിയം അവസാനിപ്പിച്ച് ആണവായുധ പരീക്ഷണം ആരംഭിക്കാൻ ട്രംപ് പെന്റഗണിന് നിർദേശം നൽകിയത്.

Share Email
Top