ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ച സംഭവം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുമ്പോൾ, സി.പി.എം. പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നു. ഇ.ഡി. നോട്ടീസ് എത്തിയ വിവരം മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നില്ലെന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ്, തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാനായി പാർട്ടി രംഗത്തിറങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പിണറായി വിജയനെ പിന്തുണച്ച് രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്തതാണെന്ന് എം.എ. ബേബി വ്യക്തമാക്കി. വസ്തുതകളില്ലാത്ത നോട്ടീസ് അയച്ച് ഇ.ഡി. പേടിപ്പിക്കാനാണ് നോക്കിയത്. നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇ.ഡി. പിന്നീട് അനങ്ങിയില്ലെന്നും, ബി.ജെ.പി. സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്ട്മെന്റാണ് ഇ.ഡി. എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലും മുഖ്യമന്ത്രിയെ പ്രതിരോധിച്ച് രംഗത്തുവന്നിരുന്നു. ഇ.ഡി. നോട്ടീസ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നാണ് ധനമന്ത്രിയുടെ പ്രതികരണം. കൂടുതൽ കാര്യങ്ങൾ ആർക്കും അറിയില്ലെന്നും, ഇത്രയും വർഷം വരാത്ത കാര്യങ്ങൾ പെട്ടെന്ന് വലിയ വാർത്തയായി വരുന്നുവെന്നും, ഇതിന് പിന്നിലെന്താണെന്ന് സംശയിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമൻസ് കൊടുത്തെങ്കിൽ എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്നും ബാലഗോപാൽ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തുവരുന്നുവെന്ന് ചോദിച്ച അദ്ദേഹം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈന്തപ്പഴം, സ്വർണ്ണക്കടത്ത് അങ്ങനെ കുറെ കാര്യങ്ങളെത്തി, എന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വി. ശിവൻകുട്ടിയും ആരോപണത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വിവാദം മുറുകുന്ന പക്ഷം പിണറായി വിജയനെ പിന്തുണച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തുവന്നേക്കും.
ഇ.ഡി. അന്വേഷണവും പാർട്ടി നിലപാടും
ലൈഫ് മിഷൻ കേസിൽ മകൻ വിവേക് കിരണിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിളിപ്പിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്തുവന്ന വാർത്തകൾ. ഇക്കാര്യം സി.പി.എമ്മിന്റെ കേരളത്തിലെ നേതൃഘടകങ്ങൾക്ക് പുതിയ വിവരമാണ്. മകൾ വീണാ വിജയനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കത്തെക്കുറിച്ചും മുഖ്യമന്ത്രി കേരളത്തിലെ പാർട്ടി നേതൃയോഗങ്ങളിൽ വിശദീകരിച്ചിരുന്നില്ല.
ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വെച്ചെന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് അദ്ദേഹത്തിനും പാർട്ടിക്കും മുന്നിലുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കം മാത്രമാണിതെന്ന് ഉറപ്പുണ്ടെങ്കിൽ അതിനുള്ള ഉദാഹരണമായി ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി കേന്ദ്രവിരുദ്ധ പ്രചാരണം ശക്തമാക്കുമായിരുന്നല്ലോയെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
വീണയ്‌ക്കെതിരെ ആദായനികുതി തർക്കപരിഹാര ബോർഡ് നടത്തിയ കണ്ടെത്തൽ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണെന്ന ന്യായീകരണമാണ് സി.പി.എം. നടത്തിയതെങ്കിൽ ഈ വിഷയത്തിൽ അങ്ങനെ കൈകഴുകാനാവില്ല. ലൈഫ് മിഷൻ ഇടപാടിൽ സംസ്ഥാന സർക്കാരും യു.എ.ഇ. കോൺസുലേറ്റും പങ്കാളികളാണ്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രനെ ഈ കേസിൽ ചോദ്യം ചെയ്യുകയും വിട്ടയയ്ക്കുകയും ചെയ്തതാണ്. രാഷ്ട്രീയ, ഭരണ വിവാദങ്ങളിൽനിന്ന് മാറിനിൽക്കുന്നയാളായാണ് വിവേകിനെ സി.പി.എം. നേതാക്കൾ വിശേഷിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിനിടെ അദ്ദേഹത്തെ വിളിപ്പിച്ചെന്ന വിവരം അതുകൊണ്ടും പാർട്ടിക്ക് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴികൾ വിവേകിന് ഇതുമായി ബന്ധമുണ്ടെന്ന് സൂചന നൽകുന്നതാണ്. കേസിലെ മുഖ്യപ്രതി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്ണർ സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സമൻസ് നൽകിയതും തുടർന്ന് അറസ്റ്റ് ചെയ്തതും. ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി യൂണിടാക്കിൽനിന്ന് 4.25 കോടി രൂപ കമ്മിഷൻ വാങ്ങിയത് ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
CPM General Secretary M.A. Baby defended Kerala Chief Minister Pinarayi Vijayan, stating that the ED notice to his son Vivek Kiran was baseless













