ഗാസ സമാധാന ഉച്ചകോടിയില്‍ നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്

ഗാസ സമാധാന ഉച്ചകോടിയില്‍ നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്

ഷാം എല്‍ ഷെയ്ക്ക് : ഇസ്രയേലും- ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചു കൊണ്ട് ഈജിപ്തിലെ ഷാം എല്‍ എയ്ക്കില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്നും പറഞ്ഞ ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നല്ല ബന്ധം പുലര്‍ത്തുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തില്‍ ട്രംപ് ഈ പരാമര്‍ശം നടത്തിയത്. അടുത്തിടെ മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. ഗാസയില്‍ സമാധാനം സ്ഥാപിക്കാന്‍ നടത്തിയ നീക്കങ്ങളെ മോദി അഭിനന്ദിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ഇതേ ഉച്ചകോടിയില്‍ പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി ട്രംപിനെ സമാധാനത്തിന്റെ പ്രതീകമായാണ് വിശേഷിപ്പിച്ചത്. ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കണമെന്ന പാക് നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിനും സമാധാന ശ്രമങ്ങള്‍ക്കും പിന്നില്‍ ട്രംപിന്റെ പങ്കിനെ ഷെരീഫ് പ്രശംസിച്ചു. കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞ കാര്യങ്ങള്‍ പറയൂ എന്ന് പറഞ്ഞ് ട്രംപാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ പ്രസംഗിക്കാനായി ക്ഷണിച്ചത്. തുടര്‍ന്ന് ഷെഹ്ബാസ് ഷെരീഫ് അഞ്ച് മിനിറ്റ് നേരം പ്രസംഗിച്ചു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിലും മധ്യേഷ്യയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ട്രംപിനുള്ള പങ്ക് പരിഗണിച്ച് തന്റെ സര്‍ക്കാര്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

Donald Trump praises Narendra Modi and India at Gaza peace summit

Share Email
LATEST
Top