ഏറ്റുമാനൂർ ജെസി വധക്കേസിലെ പ്രതിയായ ഭർത്താവ് സാം കെ. ജോർജിന്റെ ബന്ധങ്ങൾ സംബന്ധിച്ചുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുന്നു. വിയറ്റ്‌നാം, ഫിലിപ്പീൻസ്, ഇറാൻ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്ന ജെസിയുടെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്നാണ് പോലീസ് അന്വേഷണം വിദേശ വനിതകളിലേക്ക് വ്യാപിപ്പിച്ചത്. ഇവരില്‍ ആർക്കെങ്കിലും അപകടം സംഭവിച്ചോ എന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ജെസിയുമായുള്ള വിവാഹത്തിന് മുൻപ് സാമിന്റെ പങ്കാളിയായിരുന്ന ഒരു സ്ത്രീയെ കാണാനില്ലെന്ന കണ്ടെത്തലാണ് ഇത്തരമൊരു സംശയത്തിന് കാരണം. ഒന്നിലധികം സ്ത്രീകളെ സാം അപായപ്പെടുത്തിയിരിക്കാമെന്ന സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
കേസില്‍ വഴിത്തിരിവായത് എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോണാണ്. ‘ടീം എമർജൻസി കേരള’ എന്ന മുങ്ങൽ വിദഗ്ദ്ധരുടെ സംഘം നടത്തിയ ഒന്നര മണിക്കൂർ തിരച്ചിലിനൊടുവിൽ, 40 അടി താഴ്ചയിൽ നിന്നാണ് ഒരു ഫോൺ കണ്ടെടുത്തത്. ഫോണിൽ നിന്ന് നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കാണക്കാരിയിലെ വീട്ടിലെ ഒന്നാം നിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതിയുമായി ജെസി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കേസിൽ നിർണായകമാണ്. ജെസിയെയും ഇളയ മകനെയും കൊലപ്പെടുത്താൻ സാം ലക്ഷ്യമിടുന്നുണ്ടെന്ന് ഈ ചാറ്റിൽ വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണങ്ങൾക്ക് പുറമെ, സ്വത്തിന്റെ ഉടമസ്ഥത, സാമിന്റെ മറ്റ് ബന്ധങ്ങൾ എന്നിവയിലേക്കും ഫോണിലെ വിവരങ്ങൾ വെളിച്ചം വീശുമെന്നാണ് കരുതുന്നത്.
ദുരൂഹതകളുള്ള ആദ്യ ബന്ധങ്ങൾ
സാമിന്റെ ആദ്യ ഭാര്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ആർക്കുമില്ല. വിവാഹശേഷം ജെസിയും സാമും താമസിക്കുന്ന വീട്ടിൽ ഇവർ വരികയും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏൽപിച്ച് മടങ്ങുകയും ചെയ്തു എന്നാണ് സാം പോലീസിന് നൽകിയ മൊഴി. ആദ്യ ഭാര്യ മറ്റൊരു വിവാഹം കഴിച്ചുവെന്നും തമിഴ്‌നാട്ടിൽ താമസിക്കുന്നുണ്ടെന്നും സാം പറയുന്നുണ്ടെങ്കിലും, ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിയറ്റ്‌നാം, ഫിലിപ്പീൻസ്, ഇറാൻ, യു.എ.ഇ. എന്നിവിടങ്ങളിലെ സ്ത്രീകളുമായി വിദേശത്ത് വെച്ച് തുടങ്ങിയ ബന്ധങ്ങളാണ് സാമിനുണ്ടായിരുന്നത്.
കൊലപാതകവും തെളിവ് നശിപ്പിക്കലും
സ്വത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ജെസിക്ക് അനുകൂലമായി വിധി വരുമെന്ന ഭയവും സാമിന്റെ മറ്റ് ബന്ധങ്ങളെ ജെസി ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം. സെപ്റ്റംബർ 26-ന് രാത്രി കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടിൽ വെച്ച് തർക്കമുണ്ടായപ്പോൾ വാക്കത്തി ഉപയോഗിച്ച് ജെസി വെട്ടിയെന്നും, വെട്ട് തടഞ്ഞ ശേഷം കാറിൽ സൂക്ഷിച്ചിരുന്ന മുളക് സ്‌പ്രേ ജെസിക്ക് നേരെ പ്രയോഗിച്ചു എന്നുമാണ് സാം പോലീസിനോട് പറഞ്ഞത്. മുറിയിലേക്ക് ഓടിയ ജെസിയെ പിന്തുടർന്ന് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം തറയിലൂടെ വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിൽ കയറ്റി. തുടർന്ന് രാത്രി ഒരു മണിയോടെ ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിലെത്തി റോഡിൽ നിന്ന് 50 അടി താഴ്ചയിലേക്ക് മൃതദേഹം ഉപേക്ഷിച്ചു.
കൊലപാതകത്തിനു ശേഷം സാം കഞ്ഞിക്കുഴിയിലെത്തി കാർ കഴുകാൻ നൽകി. പിന്നീട് ബസ് കയറി എം.ജി. സർവകലാശാലാ കാമ്പസിലെത്തി ജെസിയുടെ ഫോണുകൾ മാത്രം മാത്തമാറ്റിക്‌സ് ഡിപ്പാർട്ടുമെന്റിന് സമീപത്തെ കുളത്തിൽ എറിയുകയായിരുന്നു. 26-ന് രാത്രി സ്വിച്ച് ഓഫ് ചെയ്ത് കൈവശം വെച്ച ഫോണുകൾ പിറ്റേന്ന് പകലോടെയാണ് കളഞ്ഞത്. ജെസി ഫോണുകളുമെടുത്ത് മറ്റെവിടേക്കെങ്കിലും പോയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്ന് സാം മൊഴി നൽകിയെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
തെളിവെടുപ്പും മറ്റ് കണ്ടെത്തലുകളും
മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം മൈസൂരിലേക്ക് കടന്ന സാമിനെ അവിടെ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പിന്നീട് വിട്ടയച്ചു. സാമിന്റെ കാറിൽ നിന്ന് രക്തക്കറയും ജെസിയുടേതെന്ന് കരുതുന്ന മുടിയും കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി കാർ പിടിച്ചെടുത്തിരുന്നു. രക്തക്കറ, മുടി, പ്രാഥമിക പരിശോധനയിൽ ലഭിച്ച വെട്ടുകത്തി എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ കാർ വാഷിങ് സെന്ററിൽ നിന്ന് സാം ഉപേക്ഷിച്ച മുളക് സ്‌പ്രേയുടെ ടിന്നും കണ്ടെടുത്തു.
കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് 15 വർഷമായി വീടിന്റെ മുകളിലും താഴെയുമായിട്ടാണ് സാമും ജെസിയും താമസിച്ചിരുന്നത്. കൊലപാതകത്തിന് 10 ദിവസം മുൻപ് ഇയാൾ ചെപ്പുകുളത്തെത്തി സ്ഥലം മനസിലാക്കിയിരുന്നതായും പോലീസ് പറയുന്നു. ഉഴവൂർ അരീക്കരയിൽ 4.5 ഏക്കർ ഭൂമിയും ഗോവയിലും കോവളത്തും ഫ്ലാറ്റുകളും സാമിനുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട കേസുകളിലെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലും കൊലപാതകത്തിന് കാരണമായി പോലീസ് വിലയിരുത്തുന്നു. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയെത്തുടർന്ന് കുറവിലങ്ങാട് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
Ettumanoor Jessy murder case: Investigation extends to accused husband Sam’s foreign female friends; Sam also aimed to kill his younger son