കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ കാനറാ ബാങ്കിന് അടുത്തുള്ള പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. പ്രതി സാം കെ. ജോർജിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് സെപ്റ്റംബർ 26-ന് രാത്രി ചെപ്പുകുളത്ത് എത്തിച്ച് കൊക്കയിലേക്ക് എറിഞ്ഞത്.
കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട കേസിൽ, ഇന്നലെയാണ് ഭർത്താവ് സാം കെ. ജോർജ് (59) മൈസൂരുവിൽ അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഒരു ഇറാനിയൻ യുവതിയുമുണ്ടായിരുന്നു. മറ്റു സ്ത്രീകളുമായുള്ള സാമിന്റെ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാമിനൊപ്പമുണ്ടായിരുന്ന ഇറാനിയൻ വനിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ്.പി. അറിയിച്ചു.
സാമിനും ജെസിക്കും മൂന്ന് മക്കളാണുള്ളത്. ദിവസവും അമ്മയെ ഫോൺ വിളിക്കാറുള്ള മക്കൾക്ക്, സെപ്റ്റംബർ 26-ന് പലതവണ വിളിച്ചിട്ടും ജെസിയെ കിട്ടിയില്ല. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ കുറവിലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കു ശേഷം പ്രതി പിടിയിലായത്. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് 15 വർഷമായി ഇരുനില വീടിന്റെ മുകളിലും താഴെയുമായിട്ടായിരുന്നു സാമും ജെസിയും താമസിച്ചിരുന്നത്.
സെപ്റ്റംബർ 26-ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടിൽ വെച്ച് തർക്കമുണ്ടാവുകയും കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്ക് നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. തുടർന്ന് കിടപ്പുമുറിയിൽ വെച്ച് തോർത്ത് ഉപയോഗിച്ച് മൂക്കും വായും അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണ് കേസ്. മൃതദേഹം രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞ ശേഷം സാം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.
Ettumanoor murder: Accused’s car found in wife murder case; Arrested from Mysuru













