സുരേന്ദ്രന്‍ നായര്‍
റ്റാമ്പ: കെ.എച്ച്.എന്‍.എ.യുടെ പതിനാലാമതു പ്രസിഡന്റായി ചരിത്രവിജയം നേടിയ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള അധികാരക്കൈമാറ്റം വിവിധ ആഘോഷപരിപാടികളോടെ റ്റാമ്പായില്‍ പൂര്‍ണ്ണമായി.അവിട്ടം നക്ഷത്രവും ഏകാദശിവൃതവും സംഗമിച്ച വെള്ളിയാഴ്ചയുടെ സായംസന്ധ്യയില്‍ ടാമ്പാ അയ്യപ്പക്ഷേത്ര സന്നിധിയില്‍ അനുഗ്രഹപൂജയും ആരതിയും അര്‍പ്പിച്ചുകൊണ്ട് സംഗമത്തിനു തിരശ്ശീലയുയര്‍ന്നു. സമീപത്തുള്ള റമദാ വെസ്റ്റ്‌ഷോര്‍ ബാന്‍കറ്റ് ഹാളില്‍ അടുത്തദിവസം ഭാരവാഹികള്‍ ഭദ്രദീപം തെളിയിച്ചതോടെ കാര്യപരിപാടികള്‍ക്കു തുടക്കമായി.
ഔപചാരികമായ അധികാരക്കൈമാറ്റത്തിനു മുന്‍പ് സെമിനാര്‍ നടന്നു. സനാതനധര്‍മ്മ പ്രചാരണ രംഗത്ത് വടക്കന്‍ അമേരിക്കയില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ട കെ.എച്ച്.എന്‍.എ. യുടെ തുടക്കവും കടന്നുവന്ന വഴികളും വര്‍ത്തമാനകാല വെല്ലുവിളികളും അടുത്ത ദശകത്തിലേക്കുള്ള ഭാവിപ്രവര്‍ത്തന രേഖകളുമായിരുന്നു വിഷയം. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും അനുഭാവികള്‍ക്കും സംഘടനാസംബന്ധമായ അറിവും അച്ചടക്കവും പകര്‍ന്നുനല്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. നിയന്ത്രിതവും നിശ്ചിതമായ അജണ്ടകളില്‍ ഒതുക്കപ്പെട്ടവയുമാകയാല്‍ സംഘാടകര്‍ അതിനെ കോണ്‍ക്ലേവ് എന്നാണ് നാമകരണം ചെയ്തിരുന്നത്.

പുതിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ ഹൃദ്യമായ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കോണ്‍ക്ലേവില്‍ മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വടക്കെ അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ ചിതറിക്കിടന്നിരുന്ന ഹൈന്ദവ കുടുംബങ്ങളെയും ഹിന്ദു കൂട്ടായ്മകളെയും ധര്‍മ്മ സംരക്ഷണാര്‍ത്ഥം ഒന്നിപ്പിക്കണമെന്ന ജഗത്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ നിരന്തരമായ ആഹ്വാനം ഏറ്റെടുത്ത ഡാളസ്സിലെ ഹിന്ദു സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് സംഘടനാ ചരിത്രത്തിന്റെ താളുകള്‍ പ്രഭാഷകന്‍ മറിച്ചു തുടങ്ങിയത്.
രണ്ടായിരാമാണ്ടില്‍ ഭാസി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ.എച്ച്.എസ്.ന്റെ പൊതുയോഗം അടുത്തവര്‍ഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി ഹിന്ദു അസോസിയേഷന്‍ എന്ന പേരില്‍ ഒരു ദേശീയസംഘടനാരൂപീകരണവും ഒരു ഹിന്ദു സംഗമവും ലക്ഷ്യമിട്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പതിനായിരം ഡോളറിന്റെ പ്രാരംഭഫണ്ടും നേതൃനിരയും രൂപീകരിച്ചു. സംഘടനാ സംസ്ഥാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മന്മഥന്‍ നായര്‍ (ചെയര്‍മാന്‍) ടി.എന്‍. നായര്‍, ഗംഗാധരന്‍ ആല, ഗോപാല പിള്ള (വൈസ് ചെയര്‍മാന്‍മാര്‍) സജി നായര്‍ (സെക്രട്ടറി) ഹരിദാസന്‍ പിള്ള (ട്രഷറര്‍) എന്നിവര്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെയും ചെയര്‍മാനും വൈസ് ചെയര്‍മാന്മാരും നടത്തിയ നിരന്തര യാത്രകളെയും തുടര്‍ന്ന് 2001 ഏപ്രില്‍ 13 മുതല്‍ 15 വരെയുള്ള വിഷു ആഘോഷവേളയില്‍ ഡാളസ്സില്‍ ഒരു ദേശീയ ഹിന്ദു സമ്മേളനം സാധ്യമായി. അവിടെവച്ച് മുനി നാരായണ പ്രസാദ്, ആചാര്യ അപര്‍ണ്ണ ചൈതന്യ (ചിന്മയ മിഷന്‍) എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു അമേരിക്കന്‍ മലയാളി ഹിന്ദുക്കള്‍ക്ക് ഒരു സംഘടന എന്ന ചിരകാല സ്വപ്നം സക്ഷാത്കരിച്ചു.

ഡാളസ്സില്‍നിന്ന് ഹ്യൂസ്റ്റണിലേക്ക് ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാം കണ്‍വെന്‍ഷന്‍ എത്തിയപ്പോള്‍ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നപേരില്‍ സംഘടന വ്യവസ്ഥാപിതമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്തു. ഹ്യൂസ്റ്റനില്‍നിന്ന് ചിക്കാഗോയിലേക്കും തുടര്‍ന്ന് ഈ രാജ്യത്തിന്റെ വിവിധ പട്ടണങ്ങളിലേക്കും കണ്‍വന്‍ഷനുകളും ഹൈന്ദവ ശാക്തീകരണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചു പതിനാലാമതു ആഗോള ഹൈന്ദവ സംഗമത്തിനായി ഫ്‌ലോറിഡ വേദിയാകുമ്പോള്‍ പിന്നിട്ട പ്രവര്‍ത്തനവഴികളിലെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കോണ്‍ക്ലേവ് ആഴമുള്ള ചര്‍ച്ചക്ക് വിധേയമാക്കി.
ഭാരതീയ മൂല്യസങ്കല്‍പ്പങ്ങളെയും വൈദികദര്‍ശനങ്ങളെയും അമേരിക്കന്‍ ഭൂമികയില്‍ സംരക്ഷിക്കുക എന്ന ചരിത്രപരമായ നിയോഗം ഏറ്റെടുത്തു മുന്നോട്ടുവന്നിരിക്കുന്ന പുതിയ നേതൃത്വം തികഞ്ഞ ജനാധിപത്യ ബോധത്തോടെയും പരസ്പര ബഹുമാനത്തോടെയും പ്രവര്‍ത്തിച്ച് സംഘശക്തിയുടെ അടുത്ത ഘട്ടത്തിലേക്ക് സംഘടനയെ എത്തിക്കുമെന്ന പ്രത്യാശയോടെ മുന്‍ പ്രസിഡന്റ് ഉപസംഹരിച്ചു.
ധാര്‍മ്മികതയും പങ്കാളിത്വവും പരസ്പര പൂരകമാകുന്ന ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണവും പ്രവര്‍ത്തന വഴികളില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളും ഉള്‍പ്പെടുത്തി സ്ഥാനമൊഴിയുന്ന ട്രഷറര്‍ രഘുവരന്‍ നായര്‍ അടുത്ത വിഷയാവതരണം നടത്തി. തുടര്‍ന്ന് കൗമാരം പിന്നിട്ടു യുവത്വത്തിലേക്കു കടക്കുന്ന അമേരിക്കന്‍ മണ്ണില്‍ ജനിച്ചു വളരുന്ന യുവതീയുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികളെക്കുറിച്ച് സില്‍വര്‍ജൂബിലി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുനില്‍ പൈഗോള്‍ സംസാരിച്ചു. കോണ്‍ക്ലേവിന്റെ സമാപനം കുറിച്ചുകൊണ്ടു സംസാരിച്ച നിയുക്ത സെക്രട്ടറി സിനു നായര്‍ മൂല്യാധിഷ്ഠിത കുടുംബ സങ്കല്‍പ്പവും കുഞ്ഞുങ്ങളെ കൂടെക്കൂട്ടിയുള്ള മുന്നേറ്റവും മനോഹരമായി പ്രതിപാദിച്ചു.
ഉച്ചക്കുശേഷം ട്രസ്റ്റി ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടന്ന അധികാര കൈമാറ്റയോഗം കര്‍ണ്ണാടക സംഗീത രംഗത്ത് അമേരിക്കയില്‍ ശ്രദ്ധേയനായ ഹരി കോയിപ്പള്ളിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ചു. സുധ കര്‍ത്ത സ്വാഗതം ആശംസിച്ചു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ കുറുപ്പ്, എക്‌സിക്യൂട്ടീവ് ചെയര്‍ പേഴ്‌സണ്‍ ഡോ: രഞ്ജിനി പിള്ള, പ്രസിഡന്റ് ഡോ: നിഷ പിള്ള ട്രസ്റ്റി സെക്രട്ടറി രതീഷ് നായര്‍, നിയുക്ത ചെയര്‍ പേഴ്‌സണ്‍ വനജ നായര്‍ എന്നിവര്‍ സംസാരിച്ചു.
.നിയമാനുസൃതമായി പ്രസിഡന്റ് ഡോ: നിഷ പിള്ള പുതിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന് സംഘടനയുടെ രെജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് രേഖകള്‍ കൈമാറി. സെക്രട്ടറി മധു ചെറിയേടത്ത് സംഘടനാരജിസ്റ്ററുകള്‍ സിനു നായര്‍ക്കും ട്രഷറര്‍ രഘുവരന്‍ നായര്‍ഫിനാന്‍ഷ്യല്‍ രേഖകള്‍ നിയുക്ത ട്രഷറര്‍ അശോക് മേനോനും കൈമാറി. ട്രസ്റ്റി ബോര്‍ഡിന്റെ രേഖകള്‍ രതീഷ് നായരില്‍ നിന്ന് സെക്രട്ടറി ഡോ: സുധിര്‍ പ്രയാഗയും ട്രസ്റ്റി ബോര്‍ഡിന്റെ സഞ്ചിതനിധിയുടെ ബാങ്ക് വിവരങ്ങള്‍ ഗോപിനാഥക്കുറുപ്പില്‍നിന്ന് വനജ നായരും സ്വീകരിച്ചു.
തുടര്‍ന്നു പ്രസംഗിച്ച പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ വിജയിപ്പിച്ച അംഗങ്ങളോടും സ്ഥാനം ഒഴിഞ്ഞ ഭാരവാഹികളോടും നന്ദി പറഞ്ഞു. വൈ: പ്രഡിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍ ജോ:ട്രഷറര്‍ അപ്പുകുട്ടന്‍ പിള്ള, തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെയും പിന്നാലെ പരിചയപ്പെടുത്തി.
നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങിയ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള സേവനകാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും പുതുതായി കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട സുധ കര്‍ത്ത, ഗോപാലന്‍ നായര്‍, രാമദാസ് പിള്ള എന്നിവര്‍ ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ക്ക് ആശംസയര്‍പ്പിക്കുകയും ചെയ്തു.
രണ്ടു ദിവസമായി നടന്ന പരിപാടികളില്‍ ക്ഷണിക്കപ്പെട്ട ഇരുന്നൂറ്റിയമ്പതിലധികം പ്രതിനധികള്‍ പങ്കെടുത്തു. ചടങ്ങില്‍ അന്പത്തിനായിരത്തിലധികം ഡോളര്‍ സീഡ് മണി സമാഹരിക്കാനായത് പ്രതിനിധികളില്‍ കൂടുതല്‍ ഉത്സാഹം പകര്‍ന്നു സെക്രട്ടറി സിനു നായരുടെ നന്ദി പ്രകടനത്തിനു ശേഷം ആത്മ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളോടെ ചടങ്ങുകള്‍ക്ക് തിരശീല വീണു.
Florida Hindu organizations celebrate KHNA power transfer with grand celebration













