കീവ്: ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി അഭിനന്ദിച്ചു. ട്രംപുമായുള്ള ഫോൺ സംഭാഷണം അതീവ ഫലപ്രദവും സൗഹാർദപരവുമായിരുന്നുവെന്ന് സെലൻസ്കി അറിയിച്ചു. ഒരു പ്രദേശത്തെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, റഷ്യ-യുക്രൈൻ യുദ്ധം ഉൾപ്പെടെ മറ്റു യുദ്ധങ്ങളും നിർത്തലാക്കാൻ ട്രംപിന് കഴിയുമെന്ന്, ഈ മഹത്തായ നേട്ടത്തെ പ്രകീർത്തിച്ചുകൊണ്ട് സെലൻസ്കി പറഞ്ഞു.
യുക്രൈന്റെ ഊർജ സംവിധാനങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങളെയും, രാജ്യത്തിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെയും കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തിയതായി സെലൻസ്കി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇതിനായുള്ള കൃത്യമായ കരാറുകളും ഞങ്ങൾ ചർച്ച ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ നയതന്ത്രത്തിന് റഷ്യൻ ഭാഗത്തുനിന്ന് സന്നദ്ധത ആവശ്യമാണ്, ഇത് ശക്തിയിലൂടെ നേടാവുന്നതാണ്. നന്ദി, മിസ്റ്റർ പ്രസിഡന്റ് എന്നും സെലൻസ്കി കുറിച്ചു.













