ഗാസ സിറ്റി: ഗാസയിലേക്ക് സഹായ സാമഗ്രികളുമായി എത്തിയ കപ്പലുകൾ ഇസ്രയേൽ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ നിലപാട് കാത്തിരിക്കുന്നതിനിടെയാണ് ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ഈ സംഭവവികാസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സഹായക്കപ്പലുകൾ പിടിച്ചെടുത്തു
ഗാസയിലേക്ക് കടക്കാൻ ശ്രമിക്കവെ തങ്ങളുടെ എട്ട് കപ്പലുകൾ ഇസ്രായേൽ സൈന്യം തടഞ്ഞതായി ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ലയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡെയർ യാസിൻ/മാലി, ഹുഗ, സ്‌പെക്ടർ, അഡാര, അൽമ, സിറിയസ്, അറോറ, ഗ്രാൻഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഫ്‌ളോട്ടില്ലക്കെതിരെ നടപടി പാടില്ലെന്നുള്ള അന്താരാഷ്ട്ര തലത്തിലെ സമ്മർദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇസ്രയേൽ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബനീസ്, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉൾപ്പെടെയുള്ളവർ ഇതേ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു.
ആക്രമണം കടുപ്പിക്കുന്നു, നഗരം വളഞ്ഞു
അതേസമയം, ഗാസയ്ക്ക് മേലുള്ള ആക്രമണം തുടരുന്ന ഇസ്രയേൽ സൈന്യം ഗാസ സിറ്റി വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഗാസയിലുള്ളവർക്ക് നഗരം വിടാനുള്ള അവസാന മുന്നറിയിപ്പാണ് സൈനിക നടപടിക്ക് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് നൽകിയിരിക്കുന്നത്.
ഗാസ നഗരം പൂർണമായി പിടിച്ചെടുക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഇതിന്റെ ഭാഗമായി നഗരത്തിലേക്കുള്ള റോഡുകൾ ഉൾപ്പെടെ ഇസ്രയേൽ സൈന്യം അടച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് റെഡ് ക്രോസ് ഇവിടുത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
വ്യാഴാഴ്ച ഗാസ മുനമ്പിനു നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 62 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവിൽ ഡിഫൻസ് ഏജൻസിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഗാസ നിവാസികളിൽ ചിലർക്ക് വ്യോമാക്രമണത്തിലും മറ്റുചിലർക്ക് ഡ്രോൺ ആക്രമണത്തിലുമാണ് ജീവൻ നഷ്ടപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരുമുണ്ട്. അൽ ടിന, മൊരാഗ് മേഖലകളിൽ ഭക്ഷണത്തിന് വരിനിൽക്കുന്നവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലും പലർക്കും ജീവൻ നഷ്ടമായി.
ഇന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സ്റ്റാഫ് അംഗമായ ഒമർ അൽ ഹയേക് എന്ന ഇരുപത്താറുകാരനും ഉൾപ്പെടുന്നു. സെൻട്രൽ ദെയ്ര് അൽ ബലയിൽ സിവിലിയന്മാരുടെ നേർക്കുണ്ടായ ആക്രമണത്തിലാണ് ഒമർ കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പറഞ്ഞു.
Gaza: Israel intensifies attack, city surrounded; aid ships seized













