ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിക്ക് തുടക്കമിട്ടതിലെ വിജയത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി ‘എക്‌സി’ൽ കുറിച്ചു. ട്രംപിനെ ‘എന്റെ സുഹൃത്ത്’ എന്നാണ് മോദി വിശേഷിപ്പിച്ചത്.
ഗാസയിൽ താൻ മുന്നോട്ടുവെച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഡൊണാൾഡ് ട്രംപ് ഇന്ന് അറിയിച്ചിരുന്നു.
ഗാസയിലെ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രയേലും ഹമാസും സമ്മതിച്ചതായി ട്രംപ് ഇന്ന് പ്രഖ്യാപിച്ചു. ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചത്.
ട്രംപുമായി വ്യാപാര ചർച്ചകളിലെ പുരോഗതി സംബന്ധിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. താരിഫുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണ പശ്ചാത്തലത്തിൽകൂടിയാണ് ഇരുനേതാക്കളുടെയും ഈ ഫോൺ സംഭാഷണം.
“എന്റെ സുഹൃത്തായ പ്രസിഡന്റ് ട്രംപിനോട് സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയും വിലയിരുത്തി. വരുന്ന ആഴ്ചകളിൽ തുടർന്നും അടുത്ത ബന്ധം പുലർത്താൻ ധാരണയായി,” പ്രധാനമന്ത്രി മോദി ‘എക്‌സി’ൽ കുറിച്ചു.
Gaza peace efforts: PM Modi congratulates Trump