ഗാസ സമാധാന ഉച്ചകോടി: ഇസ്രയേൽ പ്രതിനിധികളാരും എത്തില്ല; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും

ഗാസ സമാധാന ഉച്ചകോടി: ഇസ്രയേൽ പ്രതിനിധികളാരും എത്തില്ല; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും

ന്യൂഡൽഹി: ഈജിപ്‌തിൽ നാളെ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിക്ക് പകരം, വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രാഥമിക ലക്ഷ്യം. എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രതിനിധികളാരും എത്തില്ല. ഇസ്രയേലിൽ നിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയൻ എഎഫ്പിയോടു പ്രതികരിച്ചു. നെതന്യാഹു എത്തുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റും ചേർന്നാണ് ഈ സുപ്രധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനുപുറമെ, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയും ചർച്ചാവിഷയമാകും. ഇസ്രായേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിൻവലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ സുപ്രധാന നയതന്ത്ര യോഗമാണിത്.

Gaza Peace Summit: PM Modi will not attend, Minister of State for External Affairs Kirti Vardhan Singh will represent India

Share Email
LATEST
More Articles
Top