ടെക് ഭീമന്മാരായ ഗൂഗിളിന്റെ എഐ ഡാറ്റാ ഹബ്ബ് ഇന്ത്യയിൽ. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബ് സ്ഥാപിക്കാൻ ധാരണയായതെന്നും വികസിത ഭാരതത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് മോദി വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളറിന്റെ (ഏകദേശം 1,24,000 കോടി രൂപ) നിക്ഷേപമാണ് ഇന്ത്യയിൽ കമ്പനി നടത്തുക. യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ കേന്ദ്രമായിരിക്കും ഇത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യകത നിറവേറ്റാൻ ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ സഹായിക്കും. ഡാറ്റാ കൈമാറ്റത്തിന് വേഗതയും കാര്യക്ഷമതയും ഉറപ്പാക്കും. അദാനി ഗ്രൂപ്പ്, എയർടെൽ തുടങ്ങിയ പ്രമുഖ പങ്കാളികളുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.