എഡിസണ്‍ ( ന്യൂജഴ്‌സി) : മാധ്യമപ്രവര്‍ത്തനം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തെ കൂച്ചുവിലങ്ങിടാനാണ് ഭരണകൂട ശ്രമമെന്നും വി.കെ ശ്രീകണ്ഠന്‍ എംപി. ഇന്ത്യ പ്രസ് ക്ലബ്ല ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ രാജ്യത്തിന്റെയും ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വളരെ വലിയപങ്കാണുള്ളത്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള നിയന്ത്രണം ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണ്. ഭരണാധികാരികളുടെ അപ്രിയ സത്യങ്ങള്‍ മാധ്യമങ്ങള്‍ വിളിച്ചുപറയുമ്പോള്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണ് ഭരണകൂടം ശ്രമം നടത്തുന്നത്. ഭരണകൂടത്തിന്റെ വാര്‍ത്തകള്‍ മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന നിലപാടാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ളത്. പാര്‍ലമെന്റില്‍ പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു.

മാധ്യമങ്ങളെന്ന തിരുത്തല്‍ ശക്തിയെ ഇല്ലാതാക്കാന്‍ മാധ്യമ സ്ഥാപനങ്ങളിലെ റെയ്ഡ്, ഇഡി, അന്യായ തടങ്കല്‍, ഭീഷണി തുടങ്ങിയ ഭരണകൂട ഭീകരതകള്‍ നിലനില്‍ക്കുന്ന അവസ്ഥയുണ്ട്.രാജ്യവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും വേണമെന്ന കാര്യം മറക്കരുത്. അമേരിക്കന്‍ മലയാളികള്‍ ഒറ്റക്കെട്ടായി ഭിന്നതയേതുമില്ലാതെ ഐപിസിഎന്‍എയുടെ കീഴില്‍ അണിചേര്‍ന്നു നില്‍ക്കുന്നത് ഏറെ സന്തോഷകരമായ കാഴ്ചയാണെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

ജനാധിപത്യം എന്നത് വെറുതെ വളരുന്ന ഒരു ചെടിയല്ലെന്നും അത് നട്ടുനനച്ചു വളര്‍ത്തേണ്ട ഒന്നാണെന്നും അതിന് കാഴ്ചക്കാരായി നില്‍ക്കുകയല്ല എല്ലാവരും ജാഗ്രതയോടെ ഇടപെടുകതന്നെ വേണമെന്ന് മനോരമ ന്യൂസ് ടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ മലയാളിക്ക് മലയാളത്തോടും മലയാള മാധ്യമ രംഗത്തോടുമുള്ള അഭിനിവേശം അതിശയകരമാണെന്നും പലപ്പോഴായി അമേരിക്കയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ താമസിച്ചിട്ടുള്ള തനിക്ക് അമേരിക്ക കേരളം പോലെതന്നെ തോന്നിക്കുന്ന ഒരു സ്ഥലമാണെന്നും ജോണി ലൂക്കോസ് പറഞ്ഞു. കേരളത്തിലെ അതേ ഭക്ഷണം, ആറ്റിറ്റ്യൂഡ്, സംസ്‌കാരം എല്ലാമുള്ളവരാണ് ഇവിടുത്തെ മലയാളി. ഇടയ്ക്കിടെ ഇവിടെയുള്ളവര്‍ ഫോണ്‍ വിളിക്കാറുണ്ട്, അതുകൊണ്ട് എനിക്കിവിടെ അമേരിക്കയില്‍ ഒരു ജോലിയുണ്ടോ എന്നു പോലും സംശയമുണ്ടാകാറുണ്ടെന്നും ജോണി ലൂക്കോസ് തമാശ രൂപേണ പറഞ്ഞു.

രണ്ടു പതിറ്റാണ്ടുകളായി അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ പി സി എന്‍ എ ഐക്യത്തോടെ കൂടുതല്‍ ശക്തമായി വരികയാണെന്നും ഈ സംഘടനയ്ക്ക് അമേരിക്കയിലെ ജനമസ്സില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്നും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുമായി അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടാനും സംവദിക്കാനുമുള്ള അവസരം ഐ പി സി എന്‍ എ സൃഷ്ടിക്കുകയാണ്. ഒരു സംഘടന എന്നതിനെക്കാള്‍ കൂടുതല്‍ ഇതൊരു കൂട്ടായ്മയാണ്.മുന്‍ ഭാരവാഹികളും ഇപ്പോഴത്തെ ഭാരവാഹികളും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഇടമാണ് ഐ പി സി എന്‍ എ എന്നും സുനില്‍ പറഞ്ഞു.
റിസോഴ്‌സുകളുടെ കുറവും സമയ കുറവും എല്ലാം ഉണ്ടെങ്കിലും ആത്മാര്‍ത്ഥമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരാണ് യുഎസിലെ മലയാളികള്‍. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കിയാണ് പലരും ഈ ജോലി ചെയ്യുന്നതെന്ന് ഐ പി സി എന്‍ എ പ്രസിഡന്റ് സുനില്‍ ട്രൈസ്‌ററാര്‍ പറഞ്ഞു.

മലയാളത്തിന്റെ തോരാമഴയില്‍ നനഞ്ഞുനില്‍ക്കുന്ന യുഎസിലെ മലയാളികള്‍ ഐ പി സി എന്‍ എ എന്ന സംഘടനയുടെ തണലില്‍ഒത്തുനില്‍ക്കുന്നത് കാണുമ്പോള്‍ ആവേശവും അഭിമാനവും തോന്നുന്നു എന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുര്യന്‍ പാമ്പാടി, മാധ്യമ പ്രവര്‍ത്തകരായ ലീന്‍ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാര്‍വതി, അബ്‌ജോത് വര്‍ഗീസ്, മോത്തി രാജേഷ് എന്നിവരും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു . അനില്‍ ആറന്മുള, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ എംസിമാര്‍ ആയിരുന്നു.
Government trying to restrict journalism: V.K. Sreekandan MP













