ന്യൂഡൽഹി: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയുടെ ഭാഗമായി, എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു. മാസങ്ങളായി ബന്ദികളുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളിൽ ഇത് ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായേക്കും.
മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധത:
ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മധ്യസ്ഥർ വഴി ചർച്ചകൾക്ക് ഉടൻ തയ്യാറാണെന്ന് പലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഗാസയുടെ ഭരണം സ്വതന്ത്രരായ സാങ്കേതിക വിദഗ്ദ്ധരുടെ പലസ്തീൻ സമിതിക്ക് കൈമാറാനും തയ്യാറാണെന്ന് ഹമാസ് സൂചന നൽകി. ട്രംപിൻ്റെ ഗാസ പദ്ധതിയുടെ ഭാഗമായി മുന്നോട്ടുവെച്ച താത്കാലിക ഭരണ സംവിധാനവുമായി സഹകരിക്കാനുള്ള സന്നദ്ധതയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ പ്രതികരണം:
ഹമാസിൻ്റെ പ്രസ്താവന വന്നതിന് പിന്നാലെ, ഇസ്രായേൽ ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തൻ്റെ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ചതോടെ ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “ഹോസ്റ്റേജുകളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കാൻ, ഇസ്രായേൽ ഉടൻ ബോംബാക്രമണം നിർത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വളരെ അപകടകരമാണ്”, ട്രംപ് പറഞ്ഞു. സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് ഞായറാഴ്ച വൈകുന്നേരം വരെ ട്രംപ് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു.













