പരമ്പരാഗത ശൈലിയില്‍ ഹ്യൂസ്റ്റണ്‍ മലയാളി സീനിയേഴ്‌സ് ഓണാഘോഷം

പരമ്പരാഗത ശൈലിയില്‍ ഹ്യൂസ്റ്റണ്‍ മലയാളി സീനിയേഴ്‌സ് ഓണാഘോഷം

ഹ്യൂസ്റ്റണ്‍: ആളും അര്‍ഥവും അന്നവും കൊണ്ട് അനുഗ്രഹീതമായിരുന്ന ഹ്യൂസ്റ്റണ്‍ സീനിയേഴ്‌സ് കൂട്ടായ്മയുടെ ഇരുപത്തി ഏഴാം ഓണാഘോഷം പ്രൗഢോജ്വലമായി ആഘോഷിച്ചു. മലയാളത്തിന്റെ അക്ഷരതറവാട്ടിലെ നാലാം തമ്പുരാന്‍, സാഹിത്യത്തെ സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹംകാരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഡോ. എം വി പിള്ള മുഖ്യാതിഥിയായിരുന്നു.

കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷങ്ങളായി പൊന്നു പിള്ളയുടെ നേതൃത്വത്തില്‍ മലയാളി സീനിയേഴ്‌സ് കൂട്ടായ്മ ഓണം, ക്രിസ്മസ് എന്നിവ വിപുലമായി ആഘോഷിച്ചു വരികയാണ്. ഇത്തവണയും മുറ തെറ്റാതെ മിസ്സോറി സിറ്റിയിലെ അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷങ്ങളില്‍ നൂറോളം സീനിയേഴ്‌സ് പങ്കെടുത്തു.

ഡോ. ജയ് കെ രാമന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പത്തോളം സീനിയര്‍ ഡോക്ടര്‍മാരും കുടുംബവും എത്തിയത് വേറിട്ട കാഴ്ചയായിരുന്നു. ഡോ. എം വി പിള്ളക്ക് പുറമെ ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ് , മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ഫോട്‌ബെന്‍ഡ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ഫോട്‌ബെന്‍ഡ് കൗണ്ടി കോര്‍ട് ജഡ്ജ് ജൂലി മാത്യു, എസ് കെ ചെറിയാന്‍, ജോര്‍ജ് പുത്തന്‍ കുരിശ് എന്നിവരും സീനിയേഴ്‌സിനും ഹ്യൂസ്റ്റണ്‍ മലയാളി സമൂഹത്തിനും ഓണാശംസകള്‍ നേര്‍ന്നു.

സീനിയേഴ്‌സ് ഗ്രൂപ് കോര്‍ഡിനേറ്റര്‍ പൊന്നുപിള്ള സ്വാഗതം ആശംസിച്ചു. നെസ്സ ചാക്കോയുടെ നൃത്തം, ആന്‍ഡ്രൂ ജേക്കബ്, ഫാന്‍സിമോള്‍ പള്ളാത്തുമഠം എന്നിവരുടെ വള്ളപ്പാട്ട്, ശബരി സുരേന്ദ്രന്‍, ആന്‍ഡ്രൂ ജേക്കബ് എന്നിവരുടെ ഗാനാലാപം ഇവ മികവുപുലര്‍ത്തി.പരിപാടികള്‍ക്കുശേഷം ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Houston Malayali Seniors celebrate Onam in traditional style

Share Email
LATEST
More Articles
Top