‘റിയാലിറ്റി ഷോയ്ക്ക് വേണ്ടിയെന്ന പോലെ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ നിന്ന് കയറിൽ ഇറങ്ങി സൈനികർ’; ട്രംപിനെതിരെ ഇല്ലിനോയിസ് ഗവർണർ

‘റിയാലിറ്റി ഷോയ്ക്ക് വേണ്ടിയെന്ന പോലെ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ നിന്ന് കയറിൽ ഇറങ്ങി സൈനികർ’; ട്രംപിനെതിരെ ഇല്ലിനോയിസ് ഗവർണർ

ഷിക്കാഗോ: ഷിക്കാഗോയിൽ നടന്ന ഒരു ഫെഡറൽ റെയ്ഡിനെ “സൈനിക ശൈലിയിലുള്ള ആക്രമണം” എന്ന് വിശേഷിപ്പിച്ച് ഇല്ലിനോയിസ് ഗവർണർ ജെ ബി പ്രിറ്റ്സ്കർ. ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഷിക്കാഗോയിലെ സൗത്ത് ഷോർ പ്രദേശത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നടന്ന ഐസ് (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) റെയ്ഡിനെ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ പ്രതികരണം. ഈ റെയ്ഡിനായി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും പൂർണ സായുധരായ ഫെഡറൽ ഏജന്റുമാരുടെ വലിയ സംഘവും ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.

“പാതിരാത്രിയിൽ, ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടിയെന്ന പോലെ, സായുധ ഫെഡറൽ ഏജന്റുമാർ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ നിന്ന് കെട്ടിടത്തിന്റെ മുകളിലേക്ക് ഇറങ്ങി,” ഗവർണർ പ്രിറ്റ്സ്കർ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ ഓപ്പറേഷൻ ഹൈ-ഡെഫനിഷൻ ക്യാമറകളിൽ ചിത്രീകരിച്ച ശേഷം ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രംപ് ഭരണകൂടം സൈനിക സംവിധാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രിറ്റ്സ്കർ ആരോപിച്ചു. “ഈ റെയ്ഡ് ജനങ്ങളിൽ ഭയം വിതയ്ക്കാനും, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ക്രൂരരായി ചിത്രീകരിക്കാനും, അനാവശ്യ കുഴപ്പങ്ങൾ സൃഷ്ടിക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വലിയ തന്ത്രത്തിന്റെ ഭാഗമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും മറ്റ് ശക്തമായ മാർഗങ്ങളും ഉപയോഗിച്ച് അക്രമം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗവർണർ ആരോപിച്ചു. ഇല്ലിനോയിസ് സംസ്ഥാനവും ഷിക്കാഗോ നഗരവും ഈ റെയ്ഡിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. “ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും,” അദ്ദേഹം പ്രഖ്യാപിച്ചു.

Share Email
Top