ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട ഇന്ത്യൻ വംശജൻ രണ്ട് മാസമായി യുഎസ് തടങ്കലിൽ, ചികിത്സ വൈകുന്നു; കേസുകൾ കെട്ടിച്ചമച്ചതെന്ന് കുടുംബം

ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട ഇന്ത്യൻ വംശജൻ രണ്ട് മാസമായി യുഎസ് തടങ്കലിൽ, ചികിത്സ വൈകുന്നു; കേസുകൾ കെട്ടിച്ചമച്ചതെന്ന് കുടുംബം

ചിക്കാഗോ: ഇന്ത്യൻ വംശജനും ഗ്രീൻ കാർഡ് ഉടമയുമായ പരംജിത് സിംഗ് (48) കഴിഞ്ഞ രണ്ട് മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) തടങ്കൽ കേന്ദ്രത്തിൽ. 1994 മുതൽ അമേരിക്കയിൽ താമസിക്കുന്ന സിംഗിനെ ചിക്കാഗോയിലെ ഓ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മസ്തിഷ്ക ട്യൂമറും ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടുന്ന സിംഗിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും, തടങ്കലിൽ കഴിയുന്നതിനാൽ ശസ്ത്രക്രിയ വൈകിയതായും കുടുംബം ആരോപിക്കുന്നു.

ബിബിസി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സിംഗിനെ ജൂലൈ 30-ന് കസ്റ്റഡിയിലെടുത്തു. അഞ്ച് ദിവസം വിമാനത്താവളത്തിൽ തടഞ്ഞുവെച്ച ശേഷം, ഇദ്ദേഹത്തെ ഇന്ത്യാനയിലെ ക്ലേ കൗണ്ടിയിലുള്ള ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. സിംഗിന്റെ തടങ്കലിനെ ന്യായീകരിക്കാൻ ഐസിഇ അധികൃതർ രണ്ട് പഴയ ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ കേസുകൾ കാലഹരണപ്പെട്ടതോ തെറ്റായതോ ആണെന്നാണ് കുടുംബത്തിന്റെ വാദം.

1999-ൽ ഒരു പൊതു ടെലിഫോൺ പണം നൽകാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസാണ് ആദ്യത്തേത്. ഈ കേസിൽ സിംഗ് 10 ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും 4,137.50 ഡോളർ (ഏകദേശം 3,44,000 രൂപ) പിഴ അടക്കുകയും ചെയ്തു. 2008-ൽ ഇല്ലിനോയിസിൽ വ്യാജരേഖാ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു കേസ് ഐസിഇ ആരോപിക്കുന്നു, എന്നാൽ അത്തരമൊരു കേസ് നിലനിൽക്കുന്നില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സിംഗിന് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിയമനടപടികൾ തുടരുകയാണ്.

Share Email
Top