വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനീക വിമാനവുമായി ബന്ധപ്പെട്ട അതീവരഹസ്യമായ രേഖകള്‍ ചോര്‍ത്തിയെന്ന കേസിലും ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന സംഭവത്തിലും ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് അമേരിക്കയില്‍ അറസ്റ്റില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയില്‍ കുടിയേറിയ ആഷ്‌ലി പ്രമുഖ അമേരിക്കന്‍ വിശകലന വിദഗ്ധനും ദക്ഷിണേന്ത്യന്‍ നയങ്ങളില്‍ ദീര്‍ഘകാല ഉപദേഷ്ടാവുമായിരുന്നു.
64 കാരനായ ആഷ്ലി ടെല്ലിസിന്റെ വെര്‍ജീനിയയിലെ വീട്ടില്‍പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായ സൂക്ഷിച്ച 1000 ലധികം പേജുകളുള്ള അതീവ രഹസ്യമായ രേഖകള്‍ കണ്ടെടുത്തതായും നീതിന്യായ വകുപ്പ് അറിയിച്ചു.
ടെല്ലിസിനെ അറസ്റ്റ് ചെയ്യുകയും തിങ്കളാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുകയും ചെയ്തു. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ കീഴില്‍ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആഷ്‌ലി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശമ്പളം ലഭിക്കാത്ത ഉപദേഷ്ടാവായി സേവനം ചെയ്ത കാര്യവും എഫ്ബിഐ സത്യവാങ്മൂലത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കേസുകളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പെന്റഗണ്‍ പറഞ്ഞു. കാര്‍ണഗീയുടെയും ടെല്ലിസിന്റെയും അഭിഭാഷകനെ ഉടന്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. 2001 ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആഷ്‌ലി ടെല്ലിസ് പ്രവേശിച്ചത്.
മുംബൈയില്‍ ജനിച്ച ടെല്ലിസ് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ബിരുദ ബിരുദാനന്തര പഠനത്തിനു ശേഷം ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎയും നേടിയിട്ടുണ്ട്. വര്‍ഷങ്ങളായി, ടെല്ലിസ് യുഎസ്-ഇന്ത്യ-ചൈന നയ സര്‍ക്യൂട്ടില്‍ ഒരു സ്ഥിരം സാന്നിധ്യമായി മാറി.
2025 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ടെല്ലിസ് സൈനീക വിമാന ശേഷികളുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചുവെന്നാണ് കോടതി രേഖകള്‍ ആരോപിക്കുന്നത്.
ഈ മാസം 11 ന് നടപ്പിലാക്കിയ സെര്‍ച്ച് വാറണ്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വീട്ടിലെ ഒന്നിലധികം സ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്ന രഹസ്യ പേപ്പറുകള്‍ കണ്ടെത്തിയെന്നും ടെല്ലിസ് ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പലതവണ കണ്ടതായി ആരോപിക്കപ്പെടുന്നു .കുറ്റം തെളിയിക്കപ്പെട്ടാല്‍ ടെല്ലിസിന് 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
Indian-origin diplomat Ashley Tellis arrested in US for leaking top secret files













