മുംബൈ: ഏകദിന വനിതാ ലോകകപ്പ് സെമിഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. കിരീടമുത്തം നേടാൻ ഇനി ഒരേയൊരു ജയം മാത്രം മതി. സ്വന്തം കാണികൾക്ക് മുന്നിൽ ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരി നടത്തിയ തീപാറും പോരാട്ടമാണ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്.
നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്യുന്നവർ ജയിക്കുന്നതായിരുന്നു പതിവ്. അതുകൊണ്ട് ഓസീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 49.5 ഓവറിൽ 338 റൺസാണ് സന്ദർശകർ അടിച്ചെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ അതിലും ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറിൽ ലക്ഷ്യം മറികടന്ന് അഞ്ചു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്കോർ: 341/5 (48.3 ഓവർ).
ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്കരുത്താണ് ഇന്ത്യൻ വിജയത്തിന്റെ നെടുംതൂൺ. തകർപ്പനടികളോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച പിന്തുണ നൽകി. 134 പന്തുകളിൽ നിന്ന് 127 റൺസ് നേടിയ ജെമീമ, ക്രീസിൽ തുടർന്ന് ടീമിന്റെ വിജയംകൂടി ഉറപ്പിച്ചു. വിജയ റൺ കുറിക്കുമ്പോൾ അമൻജോത് കൗർ (15) ആയിരുന്നു ജെമീമയ്‌ക്കൊപ്പം ക്രീസിൽ. 88 പന്തിൽ നിന്ന് 89 റൺസ് നേടിയ ഹർമൻപ്രീത് കൗർ പുറത്തായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 167 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായത്. സ്മൃതി മന്ദാന (24), ദീപ്തി ശർമ (24), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (23), ഷെഫാലി വർമ (10) എന്നിവരും ജയത്തിൽ നിർണായക പങ്കുവഹിച്ചു.
നേരത്തേ, ഫീബി ലിച്ച്ഫീൽഡിന്റെ തകർപ്പൻ സെഞ്ചുറിയുടെയും എല്ലിസ് പെറി, ആഷ്‌ലി ഗാർഡ്‌നർ എന്നിവരുടെ അർധ സെഞ്ചുറികളുടെയും ബലത്തിലാണ് ഓസീസ് 49.5 ഓവറിൽ 338 റൺസിന് ഓൾഔട്ടായത്. ഇന്ത്യൻ ബൗളർമാർക്ക് ഓസീസ് ബാറ്റിങ്ങിനെ പിടിച്ചുകെട്ടാനായില്ല. ക്രാന്തി ഗൗഡും രാധാ യാദവും ദീപ്തി ശർമയുമെല്ലാം നന്നായി റൺസ് വഴങ്ങി.
ക്യാപ്റ്റൻ അലിസ്സ ഹീലിയെ (5) തുടക്കത്തിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച ലിച്ച്ഫീൽഡ്-എല്ലിസ് പെറി സഖ്യം കത്തിക്കയറി. 93 പന്തിൽ നിന്ന് മൂന്ന് സിക്സും 17 ഫോറുമടക്കം 119 റൺസെടുത്ത ലിച്ച്ഫീൽഡ് ഇന്ത്യൻ ബൗളർമാരെ അക്ഷരാർഥത്തിൽ തല്ലിത്തകർക്കുകയായിരുന്നു. 155 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 28-ാം ഓവറിലാണ് പിരിഞ്ഞത്. 88 പന്തുകൾ നേരിട്ട എല്ലിസ് പെറി രണ്ടു സിക്സും ആറ് ഫോറുമടക്കം 77 റൺസെടുത്ത് പുറത്തായി. പിന്നാലെ ബെത്ത് മൂണി (24), അന്നബെൽ സതർലാൻഡ് (3), തഹ്ലിയ മഗ്രാത്ത് (12) എന്നിവരെ കൂടി നഷ്ടമായതോടെ ഓസീസ് സ്കോറിങ്ങിന്റെ വേഗം ഇടയ്ക്ക് കുറഞ്ഞു. എന്നാൽ, ആഷ്‌ലി ഗാർഡ്‌നർ എത്തിയതോടെ സ്കോറിങ് വീണ്ടും വേഗത്തിലായി. 45 പന്തിൽ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 63 റൺസെടുത്ത ഗാർഡ്‌നർ 49-ാം ഓവറിൽ റൺഔട്ടാകുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീ ചരണി, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി
Indian women reach World Cup final; Jemimah beats Australia













