ഇന്ത്യയുടെ അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ

ഇന്ത്യയുടെ അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ ഗണ്യമായ വർധന രേഖപ്പെടുത്തി. 2022-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ ഇറക്കുമതി എത്തിയിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ നയപരമായ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വാർത്ത ശ്രദ്ധേയമാകുന്നത്.

ഒക്ടോബർ 27 വരെയുള്ള കണക്കുകൾ പ്രകാരം, പ്രതിദിനം 5,40,000 ബാരൽ ക്രൂഡ് ഓയിലാണ് അമേരിക്കയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. കെപ്ലർ ഡാറ്റ അനുസരിച്ച് ഇത് 2022 മുതൽക്കിങ്ങോട്ടുള്ളവയിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണ്. ഒക്ടോബർ മാസം അവസാനത്തോടെ ഇത് ഏകദേശം പ്രതിദിനം 5,75,000 ബാരൽ എന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ൽ പ്രതിദിനം ശരാശരി 3,00,000 ബാരൽ ക്രൂഡ് ഓയിലായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

ഇന്ത്യയുടെ ഈ നീക്കം അമേരിക്കൻ ഭരണകൂടവുമായുള്ള വ്യാപാര പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. മുൻപ് ഡോണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ കയറ്റുമതിക്ക് 50% താരിഫ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇന്ത്യ യുക്രെയ്ൻ യുദ്ധത്തിന് ഫണ്ട് നൽകുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയെക്കാളധികം റഷ്യയുമായി ഊർജ വ്യാപാരം നടത്തുന്നുണ്ടെന്നായിരുന്നു ഇന്ത്യയുടെ വാദം.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് പ്രസ്താവിക്കുകയും മോദി തനിക്ക് ഫോൺ സംഭാഷണത്തിൽ അത്തരമൊരു വാഗ്ദാനം നൽകിയതായി അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ട്രംപും മോദിയും തമ്മിൽ അടുത്ത കാലത്തൊന്നും ഫോൺ സംഭാഷണം നടന്നിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. തോക്കിൻമുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന രാജ്യമല്ല ഇന്ത്യയെന്ന് കഴിഞ്ഞ ദിവസം വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറയുകയും ചെയ്തിരുന്നു.

മിഡ്‌ലാൻഡ് ഡബ്ല്യുടിഐ, മാർസ് തുടങ്ങിയ അമേരിക്കൻ ക്രൂഡ് ഇനങ്ങൾ വാങ്ങുന്നത് വാഷിംഗ്ടണുമായി സഹകരണം മെച്ചപ്പെടുത്തുന്നതിനും വിതരണ സ്രോതസ്സുകൾ വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അതേസമയം, അമേരിക്കൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിച്ചെങ്കിലും റഷ്യയാണ് ഇപ്പോഴും ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാർ. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് എത്തുന്നത്. ഇറാഖ് രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്.

ട്രംപ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ റഷ്യയുടെ പ്രധാന ഓയിൽ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയെ ലക്ഷ്യമിട്ടുള്ളതാണ്. നവംബർ 21 ആണ് ഇടപാടുകൾ അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അവസാന തീയതി. ഈ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും റഷ്യൻ ഓയിൽ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ നിർബന്ധിതരാക്കിയേക്കാം.

India’s crude oil imports from the US hit highest level since 2022

Share Email
LATEST
Top