ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. കേസിലെ നിർണായക തെളിവെടുപ്പുകൾ പൂർത്തിയാക്കുന്നതിനും കൂടുതൽ നടപടികൾക്കുമായാണ് ഈ നീക്കം.
ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ശ്രമിക്കുന്നത്. അതേസമയം, കേസിൽ പ്രതിപ്പട്ടികയിലുള്ള ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർക്ക് മുൻകൂർ ജാമ്യം ലഭിക്കുമോ എന്നതിലാണ് ഇനി പോലീസിന്റെ ശ്രദ്ധ. ഇവരുടെ ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനം നിർണായകമാകും.
ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. ജസ്റ്റിസ് അരുണ ജഗദീശൻ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയതായാണ് സൂചന.
ബിജെപി ആവശ്യപ്പെട്ടത് സുപ്രീം കോടതി ജഡ്ജിയുടെ അന്വേഷണം
അതിനിടെ, കരൂർ ദുരന്തത്തിന്റെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇന്നലെ കരൂർ സന്ദർശിച്ച ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. സംഘാടനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സർക്കാർ നിലപാടെടുക്കുമ്പോൾ, സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് ടിവികെയുടെ വാദം. ഇരു വിഭാഗങ്ങളും പരസ്പരം പഴിചാരുന്നതിനിടെ, കേസിന്റെ അടുത്ത ഘട്ടത്തിലെ ഓരോ നീക്കങ്ങളും രാഷ്ട്രീയമായും നിയമപരമായും ഏറെ നിർണായകമാണ്.