തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽമുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്‌നാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ലോറി ഡ്രൈവറാണെന്ന് പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി ടി. ഫറാഷ് പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് നിലവിൽ പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാത്തത്.
ജോലിയുടെ ഭാഗമായാണ് ലോറി ഡ്രൈവറായ പ്രതി തിരുവനന്തപുരത്ത് എത്തിയത്. മോഷണം നടത്താനാണ് ഇയാൾ ഹോസ്റ്റൽമുറിയിൽ കയറിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഐടി ജീവനക്കാരിയായ യുവതി താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. യുവതി ഞെട്ടിയുണർന്ന് ബഹളം വെച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയിലേക്ക് എത്താനുള്ള വിവരങ്ങൾ ലഭിച്ചുവെന്നും ഡിസിപി ഫറാഷ് വ്യക്തമാക്കി. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.
വെള്ളിയാഴ്ചയാണ് പീഡന വിവരം പുറത്തുവരുന്നത്. ബലാത്സംഗത്തിനിരയായെന്ന് വ്യക്തമാക്കി യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടത്ത് ഹോസ്റ്റൽമുറിയിൽ താമസിച്ചുവരികയായിരുന്നു യുവതി. പുലർച്ചെ രണ്ട് മണിക്ക് അതിക്രമിച്ച് കയറിയ ആൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
ഇരുട്ടായിരുന്നതിനാൽ ആളുടെ മുഖം കണ്ടിരുന്നില്ലെന്നും യുവതി പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Kazhakoottam rape: Accused lorry driver came to Thiruvananthapuram as part of work, confesses to the crime













