ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമണത്തിൽ തകർന്നു എന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദങ്ങളെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിങ്കളാഴ്ച തള്ളിപ്പറഞ്ഞു. കഴിഞ്ഞ വാരം ഇസ്രായേൽ നെസെറ്റിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ്, ജൂൺ മാസത്തിൽ നടന്ന സംയുക്ത ആക്രമണങ്ങളെക്കുറിച്ച് വീണ്ടും സംസാരിച്ചിരുന്നു.
“ഞങ്ങൾ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ 14 ബോംബുകൾ വർഷിച്ചു. ഞാൻ ആദ്യം പറഞ്ഞതുപോലെ, അവ പൂർണ്ണമായും ഇല്ലാതാക്കി, അത് സ്ഥിരീകരിച്ചിട്ടുണ്ട്,” ട്രംപ് അവകാശപ്പെട്ടു. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും, യുഎസ് ആക്രമണത്തിന് ശേഷം ഇറാൻ “മിഡിൽ ഈസ്റ്റിലെ ഗുണ്ടയല്ലാതായി” എന്നും, യുഎസ് ആക്രമണം അവരുടെ “ആണവശേഷി നശിപ്പിച്ചു” എന്നും ട്രംപ് പറഞ്ഞിരുന്നു.
ജൂൺ പകുതിയോടെ ഇസ്രായേൽ ഇറാനിൽ അഭൂതപൂർവമായ ബോംബാക്രമണം ആരംഭിക്കുകയും യുഎസ് ഹ്രസ്വമായി അതിൽ പങ്കെടുത്ത് പ്രധാനപ്പെട്ട ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ പ്രഹരം ഏൽപ്പിക്കുകയും ചെയ്തിരുന്നു.
തൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചു എന്ന ട്രംപിൻ്റെ അഭിപ്രായങ്ങളോട് ഖമേനി രൂക്ഷമായി പ്രതികരിച്ചു. ട്രംപിനോട് “വ്യാമോഹം തുടരുക” എന്ന് അദ്ദേഹം പറഞ്ഞു. “ഒരു രാജ്യത്തിന് ആണവ വ്യവസായം ഉണ്ടെങ്കിൽ, അതിന് എന്തുണ്ടാകണം അല്ലെങ്കിൽ ഉണ്ടാകരുത് എന്ന് പറയാൻ” യുഎസ് പ്രസിഡൻ്റിന് എന്ത് അവകാശമുണ്ട് എന്നും ഖമേനി ചോദ്യം ചെയ്തു. ഇറാൻ്റെ ആണവ ശേഷി തകർത്തെന്ന ട്രംപിൻ്റെ വാദങ്ങൾ ഇരുവരും തമ്മിലുള്ള നയതന്ത്രപരമായ പോര് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.