By
തിരുവനന്തപുരം: ഓരോ വർഷവും പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന രീതി മാറ്റി അഞ്ച് വർഷത്തേക്ക് ഒരൊറ്റ നയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. വർഷാവർഷം നയം മാറുന്നത് കാരണം വ്യവസായികൾ കേരളത്തിലേക്ക് വരാൻ മടിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ മദ്യോത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. തദ്ദേശീയമായി മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് അത് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ കഴിയണം. കേരളത്തിൽ ഒൻപത് ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉൽപാദിപ്പിക്കുന്നില്ല എന്ന വസ്തുത മന്ത്രി എടുത്തുപറഞ്ഞു.
കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം തുടങ്ങുന്നതിനെ എതിർക്കുന്നത് സ്ഥാപിത താൽപര്യക്കാരാണ് എന്നും മന്ത്രി ആരോപിച്ചു. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കർണ്ണാടകയിൽ ഇല്ലാത്ത വെള്ളത്തിന്റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി ചോദിച്ചു. പ്രദേശികമായ എതിർപ്പുകൾ വന്നാലും അത് പരിഗണിച്ച് പിന്നോട്ട് പോകാൻ കഴിയില്ല. സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രഖ്യാപനം ‘അപക്വം’: കെസിബിസി മദ്യവിരുദ്ധ സമിതി
അതേസമയം, മദ്യോത്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തി. മന്ത്രിയുടെ പ്രഖ്യാപനം ധാർഷ്ട്യം നിറഞ്ഞതാണെന്ന് സമിതി ആരോപിച്ചു.
പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താൽപര്യത്തെയും മറികടന്ന് സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.