ഡൽഹി: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം. മണ്ണിടിച്ചിലിൽ 18 പേർ മരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ബിലാസ്പുരിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മരോട്ടൻകലൗൾ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസ്സിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ബല്ലു പാലത്തിന് സമീപം മലയിടിഞ്ഞ് പാറകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിക്കുകയും ബസ്സിനെ പൂർണ്ണമായും മൂടുകയുമായിരുന്നു.
നാല് പേരെ രക്ഷപ്പെടുത്തിയതായും തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ബസ്സിൽ 30-ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ജെസിബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ അതോറിറ്റി സംഘങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
Landslide hits bus in Himachal Pradesh, 18 dead, many trapped underground