മിയാമി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒടുവിൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ പൂർത്തിയായത്. അടുത്ത വർഷം ക്ലബ്ബ് പുതിയ സ്റ്റേഡിയത്തിലേക്ക് മാറുമ്പോൾ ഫുട്ബോൾ ലോകത്തെ ഇതിഹാസം ഇന്റർ മിയാമിക്കൊപ്പം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.
പുതിയ കരാർ പ്രകാരം 2028 വരെ മെസ്സി ഇന്റർ മിയാമിക്കായി കളിക്കും. അടുത്ത രണ്ടോ മൂന്നോ സീസണുകളിൽ മെസ്സി ടീമിൽ തുടരുമെന്ന പ്രഖ്യാപനം, മിയാമി ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ സ്റ്റേഡിയത്തിലെ ടിക്കറ്റ് വിൽപ്പനയ്ക്ക് വലിയ ഊർജ്ജം പകരും. മെസ്സി ഫ്രാഞ്ചൈസിയുടെ ഭാഗമായി തുടരുമെന്ന ധാരണയിലാണ് ഒരു വർഷത്തിലേറെയായി ക്ലബ്ബ് പുതിയ സ്റ്റേഡിയത്തിലെ സീറ്റുകൾക്കായി ടിക്കറ്റ് പാക്കേജുകളും അഡ്വാൻസുകളും വിറ്റഴിച്ചിരുന്നത്. നാഷ്‌വില്ലെക്കെതിരെ വെള്ളിയാഴ്ച രാത്രി നടക്കുന്ന ഇന്റർ മിയാമിയുടെ പ്ലേഓഫ് മത്സരത്തിന് ഒരു ദിവസം മുൻപാണ് പുതിയ കരാർ പ്രഖ്യാപിച്ചത്. ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സീഡായ ഇന്റർ മിയാമി, ബെസ്റ്റ്-ഓഫ്-ത്രീ സീരീസിലെ ആദ്യ ഗെയിമിന് വെള്ളിയാഴ്ച ആതിഥേയത്വം വഹിക്കും.













