തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സി.പി.എം., സി.പി.ഐ. ദേശീയ നേതൃത്വങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ, സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബുവിന്റെ പ്രസ്താവനയെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി പരിഹസിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഡി. രാജ തന്നെ സന്ദർശിച്ചപ്പോൾ ബേബി നിസ്സഹായാവസ്ഥ ഹുയും അശക്തിയുമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു പ്രകാശ് ബാബുവിന്റെ വിമർശനം.
പ്രകാശ് ബാബുവിന്റെ പ്രസ്താവനയോട് സി.പി.എം. കേന്ദ്ര നേതൃത്വം സി.പി.ഐ.യെ അതൃപ്തി അറിയിച്ചതായാണ് സൂചന. ഇതിന് പിന്നാലെയാണ് എം.എ. ബേബി പരസ്യമായി മറുപടി നൽകിയത്. “ഞാൻ വളരെ നിസ്സഹായനാണ്, കുറച്ച് ശക്തി പ്രകാശ് ബാബുവിൽ നിന്ന് വാങ്ങാം” എന്ന് പരിഹസിച്ച ബേബി, കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്ന് ആരും ഇപ്പോൾ തീരുമാനിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. വ്യക്തിപരമായ അധിക്ഷേപം നിറഞ്ഞ പ്രകാശ് ബാബുവിന്റെ പരാമർശത്തിൽ എം.എ. ബേബിക്ക് നീരസമുണ്ടെന്നാണ് വിവരം.
 













