മോദിയും ട്രംപും ഈ മാസം അവസാനം മലേഷ്യയിൽ കൂടിക്കാഴ്ച നടത്തിയേക്കും; താരിഫ് യുദ്ധത്തിന് ശേഷം ആദ്യത്തെ വേദി

മോദിയും ട്രംപും ഈ മാസം അവസാനം മലേഷ്യയിൽ കൂടിക്കാഴ്ച നടത്തിയേക്കും; താരിഫ് യുദ്ധത്തിന് ശേഷം  ആദ്യത്തെ വേദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം അവസാനം ക്വാലാലംപുരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി കൂടിക്കാഴ്ച നടത്താൻ സാധ്യത. ഒക്ടോബർ 26, 27 തീയതികളിൽ നടക്കുന്ന 47ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി മലേഷ്യയിലേക്ക് യാത്ര തിരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ട്രംപിനും മലേഷ്യ ക്ഷണമുണ്ട്. ട്രംപ് തന്റെ യാത്ര സ്ഥിരീകരിക്കുകയാണെങ്കിൽ, ഇന്ത്യക്കെതിരേ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തിയതിന് ശേഷം ഇരു നേതാക്കളും നേർക്കുനേർ വരുന്ന ആദ്യത്തെ വേദി ആയിരിക്കും ഇത്.

വാഷിങ്ടൺ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുകയും അതേസമയം പാകിസ്താനുമായി അടുപ്പം കാണിക്കുകയും ചെയ്തതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ ബന്ധത്തെ, പ്രത്യേകിച്ചും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയെ, ട്രംപ് ലക്ഷ്യമിട്ടതോടെയാണ് ഈ അകലം കൂടുതൽ വർധിച്ചത്.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ മോസ്‌കോക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇന്ത്യയുടെ ഈ എണ്ണ വാങ്ങലുകൾ ദുർബലപ്പെടുത്തുന്നു എന്ന് ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ, ട്രംപിന്റെ സഹായികൾ, പീറ്റർ നവാരോ ഉൾപ്പെടെയുള്ളവർ ന്യൂഡൽഹിക്കെതിരായ വിമർശനങ്ങൾ ശക്തമാക്കി. നവാരോ റഷ്യയുക്രെയ്ൻ സംഘർഷത്തെ ‘മോദിയുടെ യുദ്ധം’ എന്ന് വിളിക്കുകയും റിഫൈനറികൾ വഴി ലാഭമുണ്ടാക്കുന്നു എന്ന് ആരോപിച്ച് ഇന്ത്യയെ റഷ്യൻ എണ്ണയ്ക്കുള്ള ‘ലോൺഡ്രോമാറ്റ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കടുത്ത വാദപ്രതിവാദങ്ങൾക്കിടയിലും ബന്ധത്തിൽ അയവ് വരുത്തുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. വ്യാപാര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇരു സർക്കാരുകളും സമ്മതിച്ചിട്ടുണ്ട്, കൂടാതെ ട്രംപ് തന്നെ തന്റെ സംസാരത്തിൽ അയവ് വരുത്താൻ ശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ദിവസങ്ങൾക്ക് ശേഷം, താൻ ഇന്ത്യയുമായി ‘വളരെ അടുത്ത’ ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ശക്തമായ വ്യക്തിപരമായ ബന്ധം ആസ്വദിക്കുന്നുണ്ടെന്നും യു.എസ്. പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അന്താരാഷ്ട്ര വേദികളിലും ഈ അടുപ്പം പ്രകടമാണ്. ഗാസ സംഘർഷം അവസാനിപ്പിക്കാനുള്ള തന്റെ പുതിയ പദ്ധതിക്ക് പിന്തുണ നൽകിയ പ്രധാനമന്ത്രി മോദിയുടെ സന്ദേശം ട്രംപ് അടുത്തിടെ വീണ്ടും പങ്കുവെച്ചിരുന്നു.

ട്രംപ് സ്വന്തമായി വാക്കുകളൊന്നും ചേർത്തില്ലെങ്കിലും, വെടിനിർത്തൽ, ബന്ദികളുടെ കൈമാറ്റം, ഘട്ടംഘട്ടമായുള്ള ഇസ്രായേൽ പിൻവാങ്ങൽ, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള ഒരു ഇടക്കാല സർക്കാർ എന്നിവയ്ക്കായുള്ള ട്രംപിന്റെ 20 ഇന ബ്ലൂപ്രിന്റിനെയാണ് പ്രധാനമന്ത്രി മോദിയുടെ പോസ്റ്റ് സ്വാഗതം ചെയ്തത്. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്ക് മാത്രമല്ല, വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്ക് വേണ്ടിയും ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും ഉള്ള ‘പ്രായോഗികമായ വഴിയാണ്’ ഇതെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.

Modi, Trump may meet in Malaysia later this month after tariff war

Share Email
Top