ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് യഥാർത്ഥ അർഹനെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ്. 2025-ലെ നൊബേൽ സമാധാന പുരസ്കാരം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നൽകാനുള്ള നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷമാണ് ഈ പ്രതികരണം.
“നൊബേൽ കമ്മിറ്റി സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ പ്രസിഡന്‍റ് ട്രംപ് അത് യാഥാർത്ഥ്യമാക്കുന്നു. വസ്തുതകൾ തന്നെ സംസാരിക്കുന്നു. ട്രംപ് ഈ പുരസ്കാരത്തിന് അർഹനാണ്,” നെതന്യാഹുവിന്റെ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. നെതന്യാഹു, ട്രംപിനെ നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തവരിൽ ഒരാളാണ്. കഴിഞ്ഞ ജൂലൈയിൽ വൈറ്റ് ഹൗസിൽ നടന്ന ഒരു അത്താഴവിരുന്നിൽ അദ്ദേഹം ട്രംപിനെ ഔപചാരികമായി നാമനിർദ്ദേശം ചെയ്തിരുന്നു.
ഇതിനു പുറമേ, ഈ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിൽ ട്രംപിന്റെ ‘നിർണ്ണായക നയതന്ത്ര ഇടപെടലിനെ’ അടിസ്ഥാനമാക്കി പാകിസ്ഥാനും ജൂണിൽ അദ്ദേഹത്തെ നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ, വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടവും, ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിപൂർവകവും സമാധാനപരവുമായ മാറ്റത്തിനായുള്ള പ്രവർത്തനങ്ങളുമാണ് മരിയ കൊറിന മച്ചാഡോയെ 2025-ലെ നൊബേൽ സമാധാന പുരസ്കാരത്തിന് അർഹയാക്കിയതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി ഓസ്‌ലോയിൽ നടന്ന ചടങ്ങിൽ വ്യക്തമാക്കി.