അഹമ്മദാബാദ്: മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി ഗുജറാത്തിൽ പുതിയ ഉപമുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റു. മജുറ എംഎൽഎയായ ഹർഷ് സംഘ്‌വിയാണ് പുതിയ ഉപമുഖ്യമന്ത്രി. ഗാന്ധിനഗറിലെ മഹാത്മ മന്ദിറിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഉൾപ്പെടെ 19 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. പുതിയ അംഗങ്ങളെയടക്കം ഉൾപ്പെടുത്തി വിപുലീകരിച്ചതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ 26 പേരായി ഉയർന്നു.
കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേൽ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാരും രാജിക്കത്ത് നൽകിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ബിജെപിയുടെ നിർദേശപ്രകാരമായിരുന്നു രാജി. തുടർന്നാണ് മുഖ്യമന്ത്രി ഗവർണറെ കണ്ട് പുതിയ അംഗങ്ങളുടെ വിവരങ്ങൾ കൈമാറിയത്.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹർഷ് സംഘ്‌വി മുൻ ആഭ്യന്തര സഹമന്ത്രിയാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഋഷികേശ് പട്ടേൽ, പ്രഫുൽ പൻഷേരിയ, കുൻവാർജി ഭവാലിയ, കനുഭായി ദേശായി, പർഷോത്തം സോളാങ്കി എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിർത്തി. ഇവരുടെ വകുപ്പുകളിലും മാറ്റമില്ല.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹർഷ് സങ്‌വി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗർ നോർത്ത് എംഎൽഎയുമായ റിവാബ ജഡേജ, നരേഷ് പട്ടേൽ, ദർശന വഗേല, പ്രത്യുമാൻ വാജ, കാന്തിലാൽ അമൃതിയ, മനിഷ വാകിൽ, അർജുൻ മോന്ദ്‌വാഡിയ, ജിതു വാഘാനി, സ്വരൂപ് ജി ഠാക്കൂർ, ത്രികാം ഛാംഗ, ജയറാം ഗാമിത്, പി.സി. ബരാന്ദ, രമേശ് കത്താറ, ഈശ്വർസിൻഹ് പട്ടേൽ, പ്രവീൺ മാലി, രാമൻഭായ് സോളാങ്കി, കമലേഷ് പട്ടേൽ, സഞ്ജയ് സിങ് മാഹിദ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ.
182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിൽ അനുവദനീയമായ മന്ത്രിമാരുടെ പരാമവധി എണ്ണം 27 ആണ്. പുതിയ മന്ത്രിസഭയിൽ ഒബിസി വിഭാഗത്തിൽനിന്ന് എട്ടുപേരും പാട്ടിദാർ വിഭാഗത്തിൽനിന്ന് ആറുപേരും എസ്ടി വിഭാഗത്തിൽനിന്ന് നാലുപേരും എസ്‌സി വിഭാഗത്തിൽനിന്ന് മൂന്നുപേരും ക്ഷത്രിയവിഭാഗത്തിൽനിന്ന് രണ്ടുപേരും ബ്രാഹ്മണ, ജൈന വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു.
New cabinet takes office in Gujarat: 19 new faces, including cricketer Ravindra Jadeja’s wife Rivaba Jadeja













