ക്രിക്കറ്റിൽ പുതിയ ഫോർമാറ്റ്: ടെസ്റ്റ് ട്വന്റി വരുന്നു; ആദ്യ ടൂർണമെന്റ് അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ

ക്രിക്കറ്റിൽ പുതിയ ഫോർമാറ്റ്: ടെസ്റ്റ് ട്വന്റി വരുന്നു; ആദ്യ ടൂർണമെന്റ് അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ

മുംബൈ: അഞ്ചുനാൾ നീണ്ടുനിന്ന ടൂർണമെന്റിൽനിന്ന് 50 ഓവറിലേക്കും തുടർന്ന് 20 ഓവറിലേക്കും ചുരുങ്ങിയ ക്രിക്കറ്റിന് ഇതാ ഒരു പുതിയ മുഖം കൂടി വരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രങ്ങളെയും ട്വന്റി20 ക്രിക്കറ്റിന്റെ ചടുലതയെയും സമന്വയിപ്പിച്ചുകൊണ്ട് ‘ടെസ്റ്റ് ട്വന്റി’ എന്നൊരു പുത്തൻ ഫോർമാറ്റാണ് രംഗപ്രവേശം ചെയ്യുന്നത്.

സ്പോർട്സ് വ്യവസായിയായ ഗൗരവ് ബഹിർവാനിയുടെ വൺ വൺ സിക്സ് നെറ്റ്വർക്കാണ് ഈ പുതിയ ആശയത്തിന് പിന്നിൽ. മാത്യു ഹൈഡൻ, എ.ബി. ഡിവില്ലിയേഴ്സ്, ഹർഭജൻ സിങ്, സർ ക്ലൈവ് ലോയിഡ് എന്നിവരടങ്ങുന്ന ഒരു ഉപദേശക സമിതിയും കമ്പനിക്കൊപ്പമുണ്ട്. 13നും 19 നും ഇടയിൽ പ്രായമുള്ള യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ ഫോർമാറ്റെന്ന് ഇവർ വ്യക്തമാക്കുന്നു.

ഈ ഫോർമാറ്റിലുള്ള ആദ്യ ടൂർണമെന്റ് അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ നടക്കും. ആറു ഫ്രാഞ്ചൈസികളാണ് ടൂർണമെന്റിലുണ്ടാകുക. ഇതിൽ മൂന്നെണ്ണം ഇന്ത്യയിൽനിന്നും മറ്റു മൂന്നെണ്ണം ദുബായ്, ലണ്ടൻ, ഒരു യു.എസ് നഗരം എന്നിവിടങ്ങളിൽനിന്നാകും. ഓരോ ഫ്രാഞ്ചൈസികളുടെയും അംബാസഡർമാർ ഒരു സെലിബ്രിറ്റി ‘സ്റ്റാർ കിഡ്’ ആയിരിക്കും. രണ്ടാം സീസൺ മുതൽ വനിതകളുടെ ടൂർണമെന്റും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

നാലാം ഫോർമാറ്റ്

പേര് സൂചിപ്പിക്കുന്നതുപോലെ 20 ഓവർ വീതമുള്ള നാല് ഇന്നിങ്സുകളിലായി കളിക്കുന്ന ക്രിക്കറ്റാണ് ടെസ്റ്റ് ട്വന്റി. ആകെ 80 ഓവറുകളുണ്ടാകും. ടെസ്റ്റ് മത്സരങ്ങൾ പോലെ ഇരു ടീമുകൾക്കും രണ്ട് ഇന്നിങ്സുകൾ വീതം ലഭിക്കും. ജയം, തോൽവി, സമനില എന്നീ ഫലങ്ങൾ മത്സരത്തിനുണ്ടാകും. ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റുകളുടെ നിയമങ്ങൾ പുതിയ ഫോർമാറ്റിനും ബാധകമാണെങ്കിലും അനുയോജ്യമായ രീതിയിൽ ചില നിയമങ്ങൾ പരിഷ്കരിക്കും.

New format in cricket: Test Twenty20 is coming; first tournament in India in January next year

Share Email
LATEST
Top