കരൂര്‍ ദുരന്തത്തിൽ സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി, റോഡിലെ പൊതുയോഗങ്ങൾക്ക് വിലക്ക്

കരൂര്‍ ദുരന്തത്തിൽ സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി, റോഡിലെ പൊതുയോഗങ്ങൾക്ക് വിലക്ക്

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ മക്കൾ ശക്തി കക്ഷി ഉൾപ്പെടെ സമർപ്പിച്ച സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളി. അന്വേഷണം ആരംഭിച്ച ഉടൻ സിബിഐക്ക് കൈമാറാൻ കഴിയില്ലെന്നും കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്നും കോടതി വ്യക്തമാക്കി. തമിഴക വെട്രി കഴകം (ടിവികെ) സമർപ്പിച്ച മറ്റൊരു സിബിഐ അന്വേഷണ ഹർജി ഉടൻ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ-സംസ്ഥാന പാതകളിൽ രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ട് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെ സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനി ഒരു ഉത്തരവ് വരുന്നതുവരെ ഇത്തരം പരിപാടികൾ നടത്തരുതെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ ഇതുസംബന്ധിച്ച് ഒരു നിയമാവലി തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. കരൂർ അപകടവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളിൽ പരിഗണിക്കുന്നുണ്ട്. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെയുടെ ഹർജിയും പരിഗണനയിലാണ്.

ടിവികെ നേതാക്കളായ എൻ. ആനന്ദിന്റെയും നിർമൽ കുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും. കൂടാതെ, അപകടവുമായി ബന്ധപ്പെട്ട് വിജയ്‌യെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയും കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. കോടതിയുടെ വിധിയും പരാമർശങ്ങളും ടിവികെക്കും സർക്കാരിനും നിർണായകമായിരിക്കും.

Share Email
LATEST
More Articles
Top