‘മകന് ഇ.ഡി. സമൻസ് ലഭിച്ചിട്ടില്ല; മക്കളിൽ അഭിമാനം, അവർ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം’: മുഖ്യമന്ത്രി പിണറായി വിജയൻ

‘മകന് ഇ.ഡി. സമൻസ് ലഭിച്ചിട്ടില്ല; മക്കളിൽ അഭിമാനം, അവർ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം’: മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തന്റെ മകൻ വിവേക് കിരൺ വിജയന് സമൻസ് അയച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകന് ഇ.ഡി.യുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കളങ്കരഹിതമായ പൊതുപ്രവർത്തനത്തോടൊപ്പം നിൽക്കുന്ന മക്കളെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്. എൻ്റെ കുടുംബം അതിനോട് പൂർണ്ണമായും സഹകരിച്ചു. മക്കൾ രണ്ടുപേരും അതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അധികാരത്തിൻ്റെ ഇടനാഴികളിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവർക്ക്, എൻ്റെ മകനെ അവിടെയെവിടെയെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവന് അറിയുമോ എന്നത് സംശയമാണ്. അതാണ് എൻ്റെ മകന്റെ പ്രത്യേകത,’ മുഖ്യമന്ത്രി പറഞ്ഞു. ഒരു ദുഷ്‌പേരും തനിക്ക് ഉണ്ടാക്കുന്ന രീതിയിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകൾക്കെതിരെ മുൻപ് വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അത് ചിരിച്ചുകൊണ്ട് നേരിട്ടു. അത് വേണ്ടത്ര ഏശുന്നില്ലെന്ന് വന്നപ്പോൾ, മര്യാദയ്ക്ക് ജോലി ചെയ്യുന്ന മകനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ നോക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇ.ഡി. അയച്ചെന്ന് പറയുന്ന സമൻസ് ആരുടെ പക്കലാണ് കൊടുത്തതെന്നും ആർക്കാണ് അയച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ‘ആ ചെറുപ്പക്കാരൻ മര്യാദയുള്ള ജോലിയിലാണ് പ്രവർത്തിക്കുന്നത്. ജോലിയും വീടും മാത്രമാണ് അദ്ദേഹത്തിനുള്ളത്. തെറ്റായ പ്രവർത്തനത്തിന് പോയിട്ടില്ല. എൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിനോ ശീലത്തിനോ നിരക്കാത്തതൊന്നും മക്കൾ ചെയ്തിട്ടില്ല,’ പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Share Email
LATEST
Top