2025-ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈ ആണ് ജേതാവ്.
1954-ല്‍ ഹംഗറിയില്‍ ജനിച്ച ക്രസ്നഹോര്‍ക്കൈയുടെ കൃതികള്‍ മനുഷ്യമനസ്സിന്റെ ഇരുണ്ട, വിഷാദംനിറഞ്ഞ ലോകങ്ങളുടെ ചിത്രീകരണങ്ങളാണ്. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയാണ് അദ്ദേഹം. 2015-ല്‍ അദ്ദേഹത്തിന്റെ ‘Satantango’ എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. 2018-ലെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ലാസ്ലോയുടെ ‘ദ വേള്‍ഡ് ഗോസ് ഓണ്‍’ എന്ന കൃതി ഉള്‍പ്പെട്ടിരുന്നു.
1985-ലാണ് അദ്ദേഹം ആദ്യനോവല്‍ നോവല്‍ രചിച്ചത്. സിനിമകളിലെ ദൃശ്യങ്ങള്‍പോലെ നീണ്ടുനീണ്ടുപോകുന്ന വാചകങ്ങളും സങ്കീര്‍ണമായ ഘടനയുമുള്ളതാണ് ക്രസ്‌നഹോര്‍ക്കൈയുടെ കൃതികള്‍. ടൂറിന്‍ കുതിര (The Turin Horse), ‘വടക്ക് ഒരു പര്‍വതം, തെക്ക് ഒരു തടാകം, പടിഞ്ഞാറ് പാതകള്‍, കിഴക്ക് ഒരു നദി’ (A Mountain to the North, a Lake to the South, Paths to the West, a River to the East), The Melancholy of Resistance തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
‘ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലുള്ള ഒരു ദിവസം ഫ്രീഡറിഹ് നീച്ചെ ടൂറിനിലുള്ള തന്റെ വാടകവീട്ടില്‍ നിന്നും പുറത്തിറങ്ങി- ഒരുപക്ഷേ ഒന്നു നടന്നു വരാനും പോസ്റ്റ് ഓഫീസില്‍ ചെന്ന് തനിക്കുള്ള കത്തുകള്‍ വാങ്ങുന്നതിനുമായിരിക്കാം. കുറച്ചകലെയായി അല്ലെങ്കില്‍ അപ്പോള്‍ ഒരുപാടൊരുപാടകലെയായി ഒരു കുതിരവണ്ടിക്കാരനും അയാളുടെ കുതിരയും വിഷമംപിടിച്ച ഒരവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. ഏറെ പണിപ്പെട്ടിടും കുതിര അനങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ക്ഷമ നശിച്ച കുതിരവണ്ടിക്കാരന്‍- എന്തായിരിക്കാം അയാളുടെ പേര്? ജുസെപ്പെ? കാര്‍ലോ? എത്തോറെ? – തന്റെ ചാട്ടകൊണ്ട് അതിനെ പ്രഹരിക്കാന്‍ തുടങ്ങി.
അപ്പോഴാണ് നീഷെ അവിടെക്കൂടിയ ആളുകളുടെ ഇടയിലേക്കെത്തുന്നത്. അതോടെ ദേഷ്യംകൊണ്ട് വായില്‍നിന്ന് നുരയൊഴുക്കിക്കൊണ്ടുനിന്ന കുതിരവണ്ടിക്കാരന്റെ ക്രൂരമായപ്രകടനം അവസാനിച്ചു. ആളുകളില്‍ ചിരിയുണര്‍ത്തിക്കൊണ്ട്, ഭീമാകാരനും കട്ടിമീശക്കാരനുമായ നീഷെ വണ്ടിക്കാരന്റെ മുന്നിലേക്ക് ചാടി വീഴുകയും തേങ്ങിക്കൊണ്ട് കുതിരയുടെ കഴുത്തില്‍ കെട്ടിപ്പിടിക്കുകയും ചെയ്തു. നീഷേ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ അദേഹത്തെ തിരികെ കൂട്ടിക്കൊണ്ടുപോയി.
വീട്ടില്‍, അദ്ദേഹം രണ്ടുദിവസം ഒരു സോഫയില്‍ അനങ്ങാതെ, നിശ്ശബ്ദനായി കിടന്നു- അവസാനവാക്കുകളെന്ന കടമ നിര്‍വഹിക്കുന്നതുവരെ: ‘Mutter, ich bin dumm’ (അമ്മേ, ഞാന്‍ വിഡ്ഢിയാണ്.) അതിനുശേഷം പത്തുവര്‍ഷത്തോളം അമ്മയുടെയും സഹോദരിയുടെയും പരിചരണത്തില്‍ നിരുപദ്രവിയായ ഒരു ഭ്രാന്തനായി അദ്ദേഹം ജീവിച്ചു. ആ കുതിരക്കെന്തുപറ്റിയെന്ന് നമുക്കൊട്ടറിയുകയുമില്ല.’
ഇങ്ങനെയാണ് ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്നഹോര്‍ക്കൈ (Laszlo Krasznahorkai)യുടെ At the Latest, in Turin എന്ന കഥ തുടങ്ങുന്നത്. ലോകപ്രശസ്ത സിനിമാസംവിധായകന്‍ ബീല താറിന്റെ (Bela Tarr) The Turin Horse എന്ന സിനിമയുടെ തുടക്കവും ഈ വാചകങ്ങളോടെയാണ്. താറിന്റെ സിനിമ പിന്നീട് വണ്ടിക്കാരന്റെയും കുതിരയുടെയും അനന്തരജീവിതം അന്വേഷിച്ചുപോകുന്നു; നാടോടിക്കഥയുടെയും മിത്തിന്റെയും ഭ്രമാത്മകലോകം നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു.
വെള്ളവും തീയും ശബ്ദങ്ങളും ഇല്ലാതായിപ്പോയ, അവസാനിക്കാത്ത രാത്രിയുടെ ലോകത്ത് ഒരു തുരുത്തിലെന്നോണം ഒറ്റപ്പെടുപോയ വണ്ടിക്കാരനെയും അയാളുടെ മകളെയും കുതിരയെയും നമ്മള്‍ കാണുന്നു. പക്ഷേ ക്രസ്നഹോര്‍ക്കൈയുടെ കഥ തിരിയുന്നത് മറ്റൊരു വഴിക്കാണ്. അത് നീഷെയുടെ തത്ത്വചിന്തയുടെ ആഴങ്ങളിലേക്കും ശരിതെറ്റുകളിലേക്കും സഞ്ചരിക്കുന്നു. സഹജീവികള്‍ നമ്മെ സമീപിക്കുമ്പോള്‍ ഒന്നും പറയേണ്ടതില്ല, ഒരു സന്ദേശവും കൈമാറേണ്ടതില്ല, സഹാനുഭൂതി നിറഞ്ഞ നിശബ്ദതപാലിക്കുക മാത്രം ചെയ്യുക എന്നതില്‍ കഥ അവസാനിക്കുന്നു.
ബീല താര്‍ ക്രസ്നഹോര്‍ക്കൈയുടെ ചലച്ചിത്രകാരനാണോ അതോ ക്രാസ്നഹോര്‍ക്കയി ബീല താറിന്റെ എഴുത്തുകാരനാണോ എന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടും. ക്രാസ്നഹോര്‍ക്കയിയുടെ Satantango എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ താര്‍ എടുത്ത സിനിമതന്നെ ഉദാഹരണമാണ്. ഏതാണ്ട് ഏഴര മണിക്കൂറാണ് ആ സിനിമയുടെ ദൈര്‍ഘ്യം. നോവലിലെ ഓരോ അധ്യായവും ഇരുപതും മുപ്പതും പുറങ്ങള്‍ വരുന്ന ഓരോ ഖണ്ഡികയാണ്. സിനിമയിലാകട്ടെ ചില ഷോട്ടുകളുടെ നീളം പതിനഞ്ചു മിനിട്ടോളം വരും. ക്രസ്നഹോര്‍ക്കൈയുടെ കഥകള്‍ – മുകളില്‍ പറഞ്ഞ കഥയുള്‍പ്പെടെ പലപ്പോഴും പ്രബന്ധങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ കഥനസ്വഭാവമില്ലായ്മ താറിന്റെ സിനിമകളിലും കാണാനാകും.
1954-ല്‍ ഹംഗറിയില്‍ ജനിച്ച ക്രസ്നഹോര്‍ക്കൈയുടെ കൃതികള്‍ മനുഷ്യമനസ്സിന്റെ ഇരുണ്ട, വിഷാദംനിറഞ്ഞ ലോകങ്ങളുടെ ചിത്രീകരണങ്ങളാണ്. ‘ഹേമന്തത്തിലെ ദയാഹീനമായ മഴകള്‍’ അതില്‍ ഉറഞ്ഞുകൂടിനില്‍ക്കുന്നു. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയാണ് അദ്ദേഹം. 2015-ലെ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ Satantango എന്ന നോവലിനാണ്.
അദ്ദേഹത്തിന്റെ The World Goes on എന്ന സമാഹാരത്തിലെ കഥകളും കഥനത്തേക്കാള്‍ കഥയില്ലായ്മകളുടെ അനന്തവൈചിത്ര്യം നമുക്കു കാണിച്ചുതരുന്നു. കാരണം, ആ കഥയില്ലായ്മകള്‍ ഓരോന്നും ഓരോ സമുദ്രമാണ്. നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ അടിത്തട്ടിലെ കാറും കോളും നിറഞ്ഞ അശാന്തസമുദ്രങ്ങള്‍. A Drop of Water എന്ന കഥയില്‍ ഇത് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
വാരാണസിയിലാണ് കഥ നടക്കുന്നത്. ശ്മശാനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ആ നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന ഒരു യൂറോപ്യന്‍ സഞ്ചാരി കാണുന്ന കാഴ്ചകള്‍ ഒരുതരം ഡോക്യുമെന്ററി സ്വഭാവത്തോടെ ചിത്രീകരിക്കുകയാണിവിടെ. ഒറ്റക്കൈയില്‍ തലകീഴായി നിന്ന് ഭിക്ഷ യാചിക്കുന്ന ഒരുവനില്‍ നിന്നാണ് കഥതുടങ്ങുന്നത്. ആരും അയാളെ ശ്രദ്ധിക്കുന്നതുപോലുമില്ല. അയാളുടെ ഇടതുകൈ ആംഗ്യങ്ങള്‍ കാണിക്കുന്നു. സമീപത്തുള്ള ഒരു ടേപ്പ് റെക്കോര്‍ഡറില്‍നിന്ന് ബാബ സെഹ്ഗാളിന്റെ മേംസാബ് ഓ മേംസാബ് എന്ന പാട്ടുയരുന്നു. മനുഷ്യരുടെ ആ സമുദ്രത്തില്‍ അയാള്‍ മറ്റുള്ളവരെപ്പോലെ ഒറ്റപ്പെട്ടു പോകുന്നു. കാവിവസ്ത്രം ധരിച്ച ഒരു സ്ത്രീ അരയാല്‍വൃക്ഷത്തെ വലംവെച്ചുകൊണ്ടിരിക്കുന്നു.
മാലിന്യക്കൂമ്പാരങ്ങള്‍, ശവഘോഷയാത്രകള്‍…. ക്രാസ്നഹോര്‍ക്കൈ വി.എസ്. നയ്പോളിനെ പോലെ ഇന്ത്യയുടെ വൈകൃതങ്ങള്‍ മാത്രം കാണുകയാണെന്നു കരുതിയാല്‍ തെറ്റി. മനുഷ്യരാശിയുടെ മുഴുവന്‍ അന്തസ്സത്തയെയാണ് തന്റേതായ ഇരുണ്ട വെളിച്ചത്തില്‍ ക്രാസ്നഹോര്‍ക്കയി കാണിച്ചുതരുന്നത്. കഥയിലൊരിടത്ത് ഏതാണ്ട് ഭ്രാന്തനായ ഒരു സന്യാസി സഞ്ചാരിയോട് ചോദിക്കുന്നു: ‘നിങ്ങള്‍ക്കറിയാമോ ഗംഗയിലെ ഓരോ തുള്ളി ജലവും ഓരോ ക്ഷേത്രമാണെന്ന്?’ ഏതാണ്ട് മുപ്പതോളം പുറങ്ങളില്‍ ഒരേയൊരു നീണ്ട വാചകമായി രൂപപ്പെട്ടിരിക്കുന്ന ഈ കഥയിലെ ക്ഷേത്രത്തിന്റെയും മാലിന്യത്തിന്റെയും വൈരുധ്യങ്ങള്‍ അല്ലെങ്കില്‍ ഐക്യപ്പെടലുകള്‍ വിവരണാതീതമാണ്.
The World Goes on എന്ന കഥയില്‍ നിലനില്‍പ്പിന്റെ മറ്റൊരു മുഖമാണ് കാണുന്നത്. 2001 സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണുന്ന എഴുത്തുകാരന് പൊടുന്നനെ അയാളുടെ ഭാഷയുടെ പ്രസക്തി നഷ്ടപ്പെട്ടതായി തോന്നുന്നു. തന്റെ ഭാഷയിപ്പോള്‍ പഴയതാണ്, കെട്ടുപിണഞ്ഞതും ഉപയോഗശൂന്യവുമാണ്. ആ മരവിപ്പില്‍ നിന്ന് പുറത്തുകടക്കാനാവാതെ വെപ്രാളപ്പെടുന്ന അയാള്‍ പെട്ടെന്ന് കയറഴിയുന്നതിന്റെയും ചങ്ങല കിലുങ്ങുന്നതിന്റെയും ശബ്ദം കേള്‍ക്കുന്നു. അസാധാരണമായ ഒരിരുട്ട് അയാളിരിക്കുന്ന മുറിയില്‍ നിറയുന്നു. അയാള്‍ക്ക് മനസ്സിലായി: ‘അത്’ കെട്ടഴിച്ചിരിക്കുന്നു: ‘അത്’ അടുത്തെത്തിയിരിക്കുന്നു. ‘അതി’താ അകത്തു വന്നുകഴിഞ്ഞു…
ഈ സമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥ One Time on 381 എന്നതാണ്. പോര്‍ച്ചുഗലിന്റെ ഒരു അതിര്‍ത്തിപ്പട്ടണത്തിലെ മാര്‍ബിള്‍ ഖനിയിലെ തൊഴിലാളിയായ പെദ്രോ എന്ന കൗമാരപ്രായക്കാരനാണ് ഇതിലെ കഥാപാത്രം. അവന് ഒന്നിനോടും മമതയോ വിദ്വേഷമോ ഇല്ല; അടുപ്പമോ അകല്‍ച്ചയോ ഇല്ല. ഒരുദിവസം കൈവണ്ടിയില്‍ മാര്‍ബിള്‍പ്പാളി കയറ്റാന്‍ തുടങ്ങുമ്പോള്‍ അവന് പെട്ടെന്ന് അവിടം വിടണമെന്നു തോന്നി. ആരും കാണാതെ അവന്‍ അവിടെനിന്ന് പുറത്തുകടക്കുന്നു. ഖനിയിലെ ചൂടും പൊടിയും യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും ഒന്നുമല്ല അവനെ അതിന് പ്രേരിപ്പിക്കുന്നത്. വെറുതെ അങ്ങനെ തോന്നി എന്നു മാത്രമേ അവനു പറയാനുള്ളൂ.
381 എന്നറിയപ്പെടുന്ന ഹൈവേയിലൂടെ അവന്‍ നടന്നു. കെട്ടിടങ്ങളും ഗ്രാമങ്ങളും അവനു പിന്നിലായി. എങ്ങോട്ടാണ് പോകുന്നതെന്ന് അവനറിയില്ല ഇപ്പോള്‍ അവനൊരു കാട്ടിനുള്ളിലാണ്. ദാഹം മാറ്റാന്‍ ജലം തിരഞ്ഞു നടന്നപ്പോള്‍ കാട്ടിനുള്ളില്‍ ഇടിഞ്ഞുപൊളിഞ്ഞ, ഒരുകാലത്ത് മനോഹരമായിരുന്ന ഒരു കെട്ടിടം അവന്‍ കണ്ടു: മേയാനുപയോഗിച്ചിരുന്ന ഓടുകള്‍ കെട്ടിടത്തിന്റെ തറയില്‍ വീണുകിടക്കുകയാണ്. ബൈബിളിലെ കഥകളാണ് ആ ഓടുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും ക്രിസ്തുവിന്റെ മുഖം ഒന്നില്‍ മാത്രമേ അവന് കാണാന്‍ കഴിഞ്ഞുള്ളൂ.
അവിടെ അവന് കുടിക്കാന്‍ ജലമുണ്ട്. വിശപ്പടക്കാന്‍ പക്ഷികള്‍ തിന്നാതെ ബാക്കിയായ മാതളപ്പഴങ്ങളുണ്ട്. മാര്‍ബിള്‍ഖനിയിലെ രാത്രികളില്‍ അവസാനിക്കാത്ത നെടുവീര്‍പ്പുപോലെ താനറിഞ്ഞ കാടിനെക്കുറിച്ച് അവനോര്‍ത്തു. പെട്ടെന്ന് താനുപേക്ഷിച്ചുപോന്ന കൈവണ്ടിയുടെ രൂപം അവന്റെ മനസ്സില്‍ തെളിഞ്ഞു. ഒന്നിനോടും അടുപ്പം തോന്നാത്ത അവനിപ്പോള്‍ ആ കൈവണ്ടിയുടെ അടുത്തെത്തിയേ തീരൂ. ഖനിയുടെ ചൂടിലേക്കും ഭ്രാന്തമായ ഇരമ്പങ്ങളിലേക്കും അവന്‍ തിരിച്ചു പോവുകയാണ്. ഓര്‍മയെന്നാല്‍ മറവിയുടെ കലയാണ് എന്ന് ഒരു കഥയില്‍ ക്രസ്നഹോര്‍ക്കൈ പറയുന്നുണ്ട്. ഈ കഥയില്‍ പക്ഷേ ഓര്‍മ മറവിയെ മായ്ച്ചുകളയുകയാണ്. കഥയില്ലായ്മയുടെ സമുദ്രത്തില്‍ ഓരോ തുള്ളിയും ഓര്‍മയിലൂറുന്ന കഥകളുടെ മഹാസമുദ്രമായി മാറുന്നു.
Nobel Prize in Literature for Laszlo Krasznahorkai: Hungarian writer who depicted melancholic worlds