കോൺഗ്രസിന് വീണ്ടും തലവേദനയായി ചിദംബരം; ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ ദേശീയ ദുരന്തമെന്ന് വിമർശനം

കോൺഗ്രസിന് വീണ്ടും തലവേദനയായി ചിദംബരം; ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ ദേശീയ ദുരന്തമെന്ന് വിമർശനം

ന്യൂഡൽഹി: “ഓപ്പറേഷൻ ബ്ലൂസ്റ്റാർ” ഒരു തെറ്റായ തീരുമാനമായിരുന്നുവെന്നും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആ തെറ്റിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നെ​ന്നു​മുള്ള പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി.

ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷൂട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ചിദംബരം തുറന്നുപറച്ചിൽ നടത്തിയത്. സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവിൽ സർവീസസ് തുടങ്ങിയ ഏജൻസികൾ എല്ലാംചേർന്ന് കൈക്കൊണ്ട തീരുമാനമായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ. എന്നാൽ അതൊരു തെറ്റായ മാർഗമായിരുന്നു. അതിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മാത്രം കുറ്റം പറയാൻ പറ്റില്ല. സൈന്യത്തെ പുറത്തുനിർത്തി മൂന്ന്-നാല് വർഷങ്ങൾക്കുശേഷം സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം തെളിഞ്ഞു എന്നുമാണ് ചിദംബരം അഭിപ്രായപ്പെട്ടത്.

സുവർണ്ണക്ഷേത്രത്തിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുകയും തീവ്രവാദികളെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്ത ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ പോലെയുള്ള കൂടുതൽ തന്ത്രപരമായ സമീപനം ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പകരം കൈക്കൊള്ളാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ നിരപരാധികളായ ഭക്തരുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്കോ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള നടപടികളിലേക്കോ നയിക്കുമായിരുന്നില്ല. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഇന്ദിരാഗാന്ധി ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശസ്നേഹികളായിരുന്ന സിഖുകാരെ ദേശവിരുദ്ധരായി ചിത്രീകരിച്ചെന്നും അത് ഇന്ദിരയുടെ കൊലപാതകത്തിലേക്കും തുടർന്നുണ്ടായ കലാപത്തിൽ 3000-ത്തിലധികം സിഖുകാർ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യപ്പെടുന്നതിലേക്കും പഞ്ചാബിലെ കൂട്ടക്കൊലകളിലേക്കും നയിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമൂഹിക ഘടനയെ ഈ സംഭവങ്ങൾ കീറിമുറിച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഒരു ദേശീയ ആവശ്യകതയായിരുന്നില്ല, മറിച്ച്, അതൊരു രാഷ്ട്രീയ ദുഃസാഹചര്യമായിരുന്നുവെന്നും, ചരിത്രം സത്യമായി രേഖപ്പെടുത്തണമെന്നും ചിദംബരം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ അതൃപ്തി, ബി.ജെ.പി.യുടെ ആവശ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം യു.പി.എ. സർക്കാർ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കരുതെന്ന് തീരുമാനിച്ചതായി അന്ന് ആഭ്യന്തര മന്ത്രികൂടിയായിരുന്ന ചിദംബരം നടത്തിയ അവസാന വെളിപ്പെടുത്തലിനു ദിവസങ്ങൾക്കുശേഷമാണ് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയ അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. കോൺഗ്രസിനെ വെട്ടിലാക്കുന്ന മുതിർന്ന നേതാവിന്റെ ഇത്തരം പ്രസ്താവനകളിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ക്രിമിനൽ കേസുകൾ കാരണം ചിദംബരം ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിലാണോ എന്ന് അദ്ദേഹത്തിന്റെ സമീപകാല പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് മുൻ രാജ്യസഭാ അംഗവും കോൺഗ്രസ് നേതാവുമായ റഷീദ് ആൽവി ചോദിച്ചു. ചിദംബരത്തിന്റെ ഇത്തരം പരാമർശങ്ങളിൽ നേതൃത്വം മുതൽ പാർട്ടി അണികൾ വരെ അസ്വസ്ഥരാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസിൽ നിന്ന് എല്ലാം ലഭിച്ച ഒരു മുതിർന്ന നേതാവ് വിവേകപൂർവം പ്രസ്താവനകൾ നടത്തണം. പാർട്ടിയെ നാണം കെടുത്തുന്ന പ്രസ്താവനകൾ ആവർത്തിച്ച് നടത്തുന്നത് ശരിയല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ചിദംബരത്തിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

P. Chidambaram, former Union Home Minister, stirred controversy by calling “Operation Blue Star” a wrong decision for which Indira Gandhi paid with her life

Share Email
LATEST
More Articles
Top