‘സുപ്രധാന കാൽവെപ്പ്’: ബന്ദികളെ വിട്ടയക്കാമെന്ന ഹമാസിൻ്റെ നിലപാടിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

‘സുപ്രധാന കാൽവെപ്പ്’: ബന്ദികളെ വിട്ടയക്കാമെന്ന ഹമാസിൻ്റെ നിലപാടിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി


ന്യൂഡൽഹി: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ‘നേതൃത്വത്തെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസ് ട്രംപിൻ്റെ 20-പോയിൻ്റ് സമാധാന പദ്ധതിയുടെ ഭാഗങ്ങൾ അംഗീകരിക്കുകയും ബന്ദികളെ വിട്ടയക്കാൻ സമ്മതിക്കുകയും ചെയ്തതിന് പിന്നാലെയാണ് മോദിയുടെ ഈ പ്രതികരണം.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി തൻ്റെ അഭിപ്രായം അറിയിച്ചത്. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണ്ണായകമായ പുരോഗതി നേടുന്നതിൽ പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബന്ദികളെ വിട്ടയക്കുമെന്ന സൂചനകൾ ഒരു സുപ്രധാനമായ കാൽവെപ്പാണ്. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും, മോദി കുറിച്ചു.

സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് ട്രംപ് ഞായറാഴ്ച വൈകുന്നേരം വരെ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ ബന്ദികളെയും പലസ്തീൻ തടവുകാരെയും വിട്ടയക്കുക, യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ ട്രംപിൻ്റെ ഗാസ പദ്ധതിയുടെ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചത്.

Share Email
More Articles
Top