ജനാധിപത്യത്തിൽ അധികാരം നേതാക്കന്മാർക്ക് ഒരു ലഹരി: അതിന്റെ വില നൽകേണ്ടിവരുന്നത് ജനങ്ങളുടെ ബാധ്യതയും

ജനാധിപത്യത്തിൽ അധികാരം നേതാക്കന്മാർക്ക് ഒരു ലഹരി: അതിന്റെ വില നൽകേണ്ടിവരുന്നത് ജനങ്ങളുടെ ബാധ്യതയും

ജെയിംസ് കൂടൽ 

അധികാരം ഒരു ലഹരിയായി മാറുമ്പോൾ, ജനസേവനം എന്നത് കേവലം പ്രഹസനങ്ങളും കാട്ടിക്കൂട്ടലുകളും മാത്രമായി പരിണമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അധികാരത്തിൽ ഉയർച്ച മാത്രം ലക്ഷ്യമാക്കുന്ന, ഒരേ സമയം പല പദവികൾക്കായി ആർത്തി കാണിക്കുന്ന നേതാക്കന്മാർ ഒരു നാടിന്റെ ശാപമായി മാറുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം താൽക്കാലികമായ കോലാഹലങ്ങൾ പതിവാണ്. സ്ഥിരമായ സ്ഥാനമാറ്റങ്ങളും അതുണ്ടാക്കുന്ന ഭീമമായ തിരഞ്ഞെടുപ്പ് ചെലവുകളും, പുതിയ മുഖങ്ങൾക്ക് ജനാധിപത്യത്തിൽ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യവും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമായി നിലകൊള്ളുന്നു.

നമ്മുടെ രാഷ്ട്രീയരംഗത്ത് പദവിമാറ്റങ്ങൾ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. നിയമസഭയിൽ നിന്ന് പാർലമെന്റിലേക്കും, അവിടെ നിന്ന് തിരികെ നിയമസഭയിലേക്കും നേതാക്കൾ മാറുന്നത് പുതിയ കഥയല്ല. ഇത് നിയമപരമായി ശരിയായിരിക്കാം, ഭരണഘടനാപരമായി തെറ്റായിരിക്കില്ല. എന്നാൽ, ഈ മാറ്റങ്ങൾ സമൂഹത്തിലും ജനാധിപത്യ പ്രക്രിയയിലും ഏൽപ്പിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങൾ വളരെ വലുതും ഗൗരവമുള്ളതുമാണ്. ഈ മാറ്റങ്ങൾക്കെല്ലാം പണം മുടക്കുന്നത് ജനങ്ങളാണ് എന്ന പരമാർത്ഥം മറന്നുകൂടാ. എങ്ങനെ വന്നാലും നഷ്ടം വന്നുചേരുന്നത് സാധാരണക്കാരായ ജനങ്ങൾക്കുതന്നെ.

തുടർച്ചയായ തിരഞ്ഞെടുപ്പുകളുടെ സാമ്പത്തിക ബാധ്യത

ഒരു നേതാവ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനം മാറുമ്പോൾ അവിടെ പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഒരു മണ്ഡലത്തിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് കോടികൾ രൂപയുടെ പൊതുധനമാണ് ചെലവഴിച്ചുതീരുന്നത്. ഈ പണം എന്തിനൊക്കെ ഉപകാരപ്പെടുമായിരുന്നെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. റോഡുകൾ നിർമ്മിക്കുവാനും, ആശുപത്രികൾ മെച്ചപ്പെടുത്തുവാനും, സ്കൂളുകൾക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും ഉൾപ്പെടെയുള്ള വിവിധ ജനക്ഷേമ പദ്ധതികളിലേക്ക് എത്തേണ്ട പണമാണ് തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് പാഴാക്കപ്പെടുന്നത്. ഇതെല്ലാം ജനങ്ങൾ പ്രയത്നിച്ച് സമ്പാദിച്ച നികുതിപ്പണമാണ് എന്നതാണ് ശ്രദ്ധേയം. സ്ഥാനമാറ്റത്തിന്റെ ഈ ഭീമമായ ചെലവ് ജനങ്ങൾ എന്തിന് വഹിക്കണം എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാകുന്നു.

പുതിയ മുഖങ്ങൾക്ക് അവസരം ഇല്ലാതാകുന്ന അവസ്ഥ

സ്ഥാനം മാറുന്ന നേതാക്കൾ പലപ്പോഴും അതേ രാഷ്ട്രീയ മേഖലയിൽ തങ്ങളുടെ സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്നതോടെ പുതിയ രാഷ്ട്രീയ ചിന്തകൾക്ക് ഇടം ലഭിക്കാതെയാവുകയും യുവാക്കൾക്കും പുതിയ തലമുറക്കും രാഷ്ട്രീയത്തിൽ കടന്നുവരാനുള്ള വാതിൽ അടയുകയും ചെയ്യുന്നു. തൽഫലമായി, ജനങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് വൈവിധ്യം കുറഞ്ഞുപോകുന്നു. ജനാധിപത്യത്തിന്റെ ആരോഗ്യം നിലനിൽക്കുന്നത് പുതുമയിലും പുതിയ ചിന്തകളിലുമാണ്. ഒരു നേതാവ് നിരന്തരം സ്ഥാനങ്ങൾ മാറിക്കൊണ്ട് മത്സരിച്ചുകൊണ്ടിരിക്കുമ്പോൾ, സംരംഭകരും, വിദ്യാഭ്യാസമുള്ളവരും, സത്യസന്ധരുമായ പുതിയവർ പ്രയത്നിച്ചിട്ടും അവർക്ക് പ്രവർത്തിക്കാൻ ഒരു വേദി ലഭിക്കാനില്ലാത്ത അവസ്ഥ സംജാതമാവുന്നു.

ജനാധിപത്യത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നു

ജനങ്ങൾ നൽകുന്ന വോട്ടിന് പിന്നിൽ വിശ്വാസം, പ്രതീക്ഷ, ഭാവിയുടെ ഉറപ്പ് എന്നിവയുണ്ട്. എന്നാൽ, സ്ഥാനപദവികൾ വ്യക്തിപരമായ ഉയർച്ചയ്ക്കുള്ള പടിയായി മാത്രം ഉപയോഗിക്കുമ്പോൾ ജനപ്രാതിനിധ്യത്തിന്റെ അന്തർബോധം നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തം കൂടുതൽ ശക്തമാകേണ്ടതുണ്ട്.

പദവി മാറിയത് ജനങ്ങൾക്കുവേണ്ടിയോ അതോ വ്യക്തിക്ക് വേണ്ടിയോ? തിരഞ്ഞെടുപ്പ് ചെലവാകുന്നത് ആരുടെ പണം? ഈ ചെലവ് സമൂഹത്തിന്റെ ഭാവിയിൽ എന്ത് പ്രതിഫലമാണ് നൽകുന്നത്? പുതിയവർക്കുള്ള വാതിൽ തുറന്നുനിൽക്കുന്നുണ്ടോ? തുടങ്ങിയ കർശനമായ ചോദ്യങ്ങൾ ജനങ്ങൾ ഉന്നയിക്കേണ്ടതുണ്ട്. ജനങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ചശേഷം വോട്ട് ചെയ്താൽ മാത്രമേ ജനാധിപത്യം ആരോഗ്യവത്തായി നിലനിൽക്കുകയുള്ളൂ.

പദവി എന്നത് ഒരു നേട്ടമല്ല, അത് ഒരു ബാധ്യതയാണ്. ഓരോ പൊതുപദവിയും ജനങ്ങളോടുള്ള ഒരു കരാറാണ്. ആ കരാറിൽ മാറ്റം വരുത്തുമ്പോൾ, അതിന്റെ ചെലവും ഉത്തരവാദിത്വവും വ്യക്തിയായ നേതാവ് ഏറ്റെടുക്കേണ്ടതാണ്; ജനങ്ങളല്ല. ദേശത്തിന്റെ ഭാവി ഉറപ്പാക്കുന്നത് പദവികൾ പിടിച്ചെടുക്കുന്നവരല്ല, മറിച്ച് പദവിയിൽ നിന്ന് നിസ്വാർത്ഥമായി സേവനം ചെയ്യാൻ മനസ്സുവെക്കുന്നവരാണ്.

Power in a democracy is an addiction for leaders: it is the people’s responsibility to pay the price.

Share Email
LATEST
Top