ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ കോടതിയിൽ വെച്ചുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ചീഫ് ജസ്റ്റിസുമായി താൻ സംസാരിച്ചതായി അറിയിച്ച പ്രധാനമന്ത്രി, ഈ ആക്രമണം “ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കി” എന്നും, “ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല” എന്നും ‘എക്സി’ലൂടെ കുറിച്ചു.
സംഭവസമയത്ത് ചീഫ് ജസ്റ്റിസ് ഗവായ് പ്രകടിപ്പിച്ച സംയമനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നീതിയുടെ മൂല്യങ്ങളോടും ഭരണഘടനയുടെ അന്തസ്സത്തയോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ 11:30-ഓടെ ഒന്നാം നമ്പർ കോടതിയിലെ നടപടിക്രമങ്ങൾക്കിടെയാണ് രാകേഷ് കിഷോർ എന്ന അഭിഭാഷകൻ ഷൂ ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാൽ, ഷൂ ലക്ഷ്യത്തിലെത്തിയില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. ‘സനാതന ധർമ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ ആക്രമണം. ഇങ്ങനെ എഴുതിയ ഒരു കുറിപ്പും ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വ്യാപക പ്രതിഷേധം
ചീഫ് ജസ്റ്റിസിനുനേരെയുള്ള ആക്രമണത്തിൽ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചു: “ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള ആക്രമണമാണ്. അത്തരം വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല, അത് അപലപിക്കപ്പെടേണ്ടതാണ്.” മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. “ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Prime Minister Narendra Modi strongly condemned the attack on Chief Justice B.R. Gavai in the Supreme Court premises