റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് തീരൂമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ ബന്ധം ശക്തമായ പശ്ചാത്തലത്തിൽ, ഈ സന്ദർശനം ശ്രദ്ധേയമാണ്. റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് അമേരിക്ക ഇന്ത്യയ്ക്ക് മേൽ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ സാഹചര്യത്തിൽ ലോകം ഉറ്റുനോക്കുന്ന സന്ദർശനമാകും പുടിന്‍റേത്.
ഈ വർഷം ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോ സന്ദർശിച്ചപ്പോഴാണ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യം പുറത്തുവന്നത്. എന്നാൽ, സന്ദർശനത്തിന്റെ കൃത്യമായ തീയതി അന്ന് വ്യക്തമല്ലായിരുന്നു. പിന്നീട്, ചൈനയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ മോദിയും പുടിനും കണ്ടുമുട്ടുകയും ഏകദേശം ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഈ സന്ദർശനം ഇന്ത്യ-റഷ്യ ബന്ധത്തിലെ തന്ത്രപ്രധാനമായ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഊർജ സുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൂടിക്കാഴ്ച ലക്ഷ്യമിടുന്നു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ, പുടിന്റെ സന്ദർശനം ഇന്ത്യയുടെ വിദേശനയത്തിന്റെ സന്തുലിത സമീപനത്തിന്റെ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുന്നു.